ഇന്ത്യ-സിംബാബ്വെ മൂന്നാം ട്വന്റി20 ഇന്ന്
text_fieldsഹരാരെ: ഇന്ത്യ-സിംബാബ്വെ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഹരാരെയിൽ നടക്കും. ഓരോ കളികൾ ജയിച്ച് അഞ്ച് മത്സര പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമിനും മുന്നിലെത്താനുള്ള സുവർണാവസരമാണ്. ട്വന്റി20 ലോകകപ്പ് സംഘത്തിന്റെ ഭാഗമായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, ഓപണർ യശസ്വി ജയ്സ്വാൾ, ഓൾ റൗണ്ടർ ശിവം ദുബെ എന്നിവർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇവരിൽ ആർക്കൊക്കെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാനാവുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലോകകപ്പിൽ ഒരു മത്സരത്തിലും ഇറങ്ങാതിരുന്ന സഞ്ജു ഇന്ന് കളിക്കാനാണ് സാധ്യത. അങ്ങനെയങ്കിൽ ധ്രുവ് ജുറെൽ പുറത്താവും.
സിംബാബ്വെക്കെതിരായ ആദ്യ കളിയിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഓപണർ അഭിഷേക് ശർമ രണ്ടാം മത്സരത്തിൽ 46 പന്തിൽ സെഞ്ച്വറി നേടിയത് ‘സുഖമുള്ള തലവേദന’യായി മാറിയിട്ടുണ്ട് ടീം മാനേജ്മെന്റിന്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഓപണറായി ആദ്യ പരിഗണന നൽകേണ്ടിയിരുന്ന ജയ്സ്വാളിനെ കളിപ്പിക്കുന്ന പക്ഷം സായ് സുദർശൻ പുറത്തിരിക്കാനാണ് സാധ്യത. അഭിഷേകും ജയ്സ്വാളുമാണ് ഇന്നിങ്സ് ഓപൺ ചെയ്യുന്നതെങ്കിൽ ഗിൽ മൂന്നാം സ്ഥാനത്തേക്കിറങ്ങും. നാലാമനായി ഋതുരാജ് ഗെയ്ക്വാദ് എത്തിയാൽ അഞ്ചാമനാവും സഞ്ജു. റിങ്കു സിങ് ഏറക്കുറെ സേഫാണ്. റയാൻ പരാഗിന് ദുബെയും ഭീഷണി ഉയർത്തുന്നു. ആദ്യ കളിയിൽ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച ആവേശത്തിലാണ് സിംബാബ്വെ.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേഷ് ഖാൻ, മുകേഷ് കുമാർ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ.
സിംബാബ്വെ: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോനാഥൻ കാംബെൽ, ടെൻഡായി ചതാര, ലൂക്ക് ജോങ്വെ, ഇന്നസെന്റ് കൈയ, ക്ലൈവ് മദാൻഡെ, വെസ്ലി മധേവെരെ, തടിവനഷെ മറുമണി, വെല്ലിങ്ടൺ മസകാഡ്സ, ബ്രാൻഡൻ മവുതറ, ആൻറ്റ് മുസാറബ്, ബ്ലെസിങ് മുസറബാനി, ഡയൻ മയേഴ്സ്, അൻതും നഖ് വി, റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.