ഇന്ത്യൻ ബൗളറുടെ 'മങ്കാദിങ്'; കണ്ണീരോടെ കളം വിട്ട് ഇംഗ്ലീഷ് താരം
text_fieldsലോഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ശനിയാഴ്ച ലോഡ്സിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ ഇംഗ്ലീഷ് താരം ഷാർലറ്റ് ഡീൻ കളം വിട്ടത് കണ്ണീരോടെയാണ്. 47 റൺസുമായി ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി ക്രീസിൽ നിലയുറപ്പിച്ച താരത്തെ ഇന്ത്യൻ ഓഫ് സ്പിന്നർ ദീപ്തി ശർമ 'മങ്കാദിങ്ങി'ലൂടെ പുറത്താക്കിയതാണ് 19കാരിയെ കരയിപ്പിച്ചത്. ഇതോടെ മത്സരത്തിൽ ഇംഗ്ലണ്ടിനെ 16 റൺസിന് തോൽപിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.
ഇംഗ്ലണ്ടിന് ജയിക്കാൻ 39 പന്തിൽ 17 റൺസ് വേണ്ടിയിരിക്കെയാണ് ഇന്ത്യൻ താരത്തിന്റെ 'ചതി'. 119ന് ഒമ്പത് എന്ന നിലയിൽനിന്ന് ടീമിനെ ഫ്രേയ ഡേവിസിനൊപ്പം കരകയറ്റി 153ൽ എത്തിനിൽക്കെയായിരുന്നു താരത്തിന്റെ നിർഭാഗ്യകരമായ പുറത്താവൽ. 44ാം ഓവറിലെ നാലാം പന്ത് ദീപ്തി ശർമ എറിയാനിരിക്കെ, നോൺ സ്ട്രൈക്കർ എൻഡിലുള്ള ഷാർലറ്റ് ഡീൻ ക്രീസിന് പുറത്ത് നിൽക്കുന്നത് ശ്രദ്ധിക്കുകയും പന്തെറിയാതെ ബെയിൽ ഇളക്കുകയുമായിരുന്നു. ഇന്ത്യൻ താരങ്ങൾ റണ്ണൗട്ടിനായി അപ്പീൽ ചെയ്തതോടെ ഫീൽഡ് അമ്പയർ തീരുമാനത്തിനായി ടി.വി അമ്പയറുടെ സഹായം തേടി. അദ്ദേഹം ഔട്ട് അനുവദിച്ചതോടെ ഷാർലറ്റ് കണ്ണീരോടെ ക്രീസ് വിടുന്നതും സഹതാരം ആശ്വസിപ്പിക്കുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ മങ്കാദിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുൻ താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചർച്ച നടക്കുകയാണ്.
എന്താണ് മങ്കാദിങ്
ബൗളര്‍ റണ്ണപ്പിന് ശേഷം ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ റണ്ണൗട്ടാക്കുന്ന രീതിയെയാണ് മങ്കാദിങ് എന്നു പറയുന്നത്. ഇത്തരത്തിൽ ആദ്യമായി ഒരു ബാറ്ററെ പുറത്താക്കിയത് മുൻ ഇന്ത്യൻ താരം വിനു മങ്കാദ് ആയതിനാലാണ് ഈ രീതിക്ക് മങ്കാദിങ് എന്ന് പേരുവീണത്.
ക്രിക്കറ്റിലെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയായാണ് മങ്കാദിങ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, അടുത്തിടെ ക്രിക്കറ്റിലെ നിയമ രൂപവത്കരണ, പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ഈ നിയമത്തിൽ വരുത്തിയ പരിഷ്‌കരണത്തിൽ ഇത് അനുവദനീയമാക്കാൻ തീരുമാനിച്ചിരുന്നു. നീതിയുക്തമല്ലാത്ത 41ാം നിയമത്തില്‍ ഉള്‍പ്പെട്ടിരുന്ന മങ്കാദിങ് ഇപ്പോള്‍ റണ്ണൗട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്ന 38ാം നിയമത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് മങ്കാദിങ്ങിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കാൻ അവസരമൊരുക്കുകയും റണ്ണൗട്ടിന്റെ പരിധിയില്‍ വരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.