സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനികൾക്ക്; പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം രാജ്യത്ത് കാണിക്കേണ്ടെന്ന് മന്ത്രി
text_fieldsഇസ്ലാമാബാദ്: ഇന്ത്യൻ കമ്പനികൾ ദക്ഷിണേഷ്യയിലെ സംപ്രേക്ഷണാവകാശം കൈയ്യാളിയിരിക്കുന്നതിനാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പാകിസ്താന്റെ ഏകദിന, ട്വന്‍റി20 പരമ്പരകൾ രാജ്യത്ത് സംപ്രേക്ഷണമുണ്ടാകില്ലെന്ന് പാകിസ്താൻ മന്ത്രി.
2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന് ശേഷം മതി ഇന്ത്യൻ കമ്പനികളുമായി ഇടപാടെന്ന് വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. അന്നാണ് ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്.
മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ അവകാശമുള്ള ഇന്ത്യൻ കമ്പനികളായ സ്റ്റാർ, സോണി എന്നിവരുമായി കരാർ ഒപ്പുവെക്കാനുള്ള പാകിസ്താൻ ടെലിവിഷൻ കോർപറേഷന്‍റെ (പി.ടി.വി) അപേക്ഷ നിരസിച്ചതായി മന്ത്രി ഇസ്ലാമാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സോണി പിക്ചർ എന്റർടെയ്ൻമെന്റിനാണ് ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനും സ്ട്രീം ചെയ്യാനുമുള്ള അവകാശം.
'ദക്ഷിണേഷ്യയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാനുള്ള അവകാശം ഇന്ത്യൻ കമ്പനികൾക്കാണ്. ഇന്ത്യൻ കമ്പനികളുമായി ഞങ്ങൾ ഇടപാട് നടത്തില്ല' -അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ മറ്റ് പരിഹാരങ്ങൾ തേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ എട്ടിന് കാർഡിഫിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ജൂലൈ 16ന് നോട്ടിങ്ഹാമിലാണ് ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.