ഇന്ത്യൻ ടീം ശ്രീലങ്കയിൽ; സൂര്യകുമാറിനും സംഘത്തിനും ഊഷ്മള വരവേൽപ്പ്
text_fieldsകൊളംബോ: ട്വന്‍റി20 പരമ്പരക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കൊളംബോയിലെത്തിയത്.
നായകൻ സൂര്യകുമാറും സംഘത്തിനും പല്ലെകെലെയിലെ ടീം താമസിക്കുന്ന ഹോട്ടലിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. പര്യടനത്തിൽ മൂന്നു ട്വന്‍റി20യും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. പരിശീലക ചുമതല ഏറ്റെടുത്തശേഷമുള്ള ഗംഭീറിന്‍റെ ആദ്യ പരമ്പരയാണിത്. ഈമാസം 27നാണ് ആദ്യ മത്സരം. പല്ലെകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്വന്‍റി20 മത്സരങ്ങളും നടക്കുന്നത്.
ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങളും ടീമിനൊപ്പമുണ്ട്. ആഗസ്റ്റ് രണ്ടിനാണ് ഏകദിന മത്സരങ്ങൾ തുടങ്ങുന്നത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയമാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്. രോഹിത് ശർമയാണ് ഏകദിന ടീമിനെ നയിക്കുന്നത്. രോഹിത്, വിരാട് കോഹ്ലി ഉൾപ്പെടെ ഏകദിന ടീമിലുള്ള താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. മുംബൈ വിമാനത്താവളം വഴിയാണ് ടീം അംഗങ്ങൾ ലങ്കയിലേക്ക് പറന്നത്.
ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ 2027ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് ഗംഭീർ പറഞ്ഞു. ടീം ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടും മുമ്പ് മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത്തിലും വിരാടിലും ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഇരുവരും ലോകോത്തര താരങ്ങളാണ്. ഏതൊരു ടീമും കഴിയുന്നത്ര കാലം ഇരുവരുടെയും സാന്നിധ്യം ആഗ്രഹിക്കും. 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും തീർച്ചയായും കളിക്കും. 2027ലെ ഏകദിന ലോകകപ്പിലും അവർക്ക് കളിക്കാനായേക്കും. എന്നാൽ, അവരുടെ ഫിറ്റ്നസ് സെലക്ടർമാർ നിരീക്ഷിക്കുമെന്നും ഗംഭീർ പറഞ്ഞു. രോഹിതും വിരാടും രണ്ട് ഫോർമാറ്റുകളിൽ മാത്രമേ കളിക്കുന്നുള്ളൂ. അതിനാൽ അവർക്ക് കളിയുടെ ആധിക്യം മാനേജ് ചെയ്യാനാവുമെന്നും നന്നായി കളിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ട്വന്റി20 ലോകകപ്പായാലും 50 ഓവർ ലോകകപ്പായാലും വലിയ വേദിയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ തെളിയിച്ചുവെന്ന് ഞാൻ കരുതുന്നു. ഒരു കാര്യം എനിക്ക് വളരെ വ്യക്തമായി പറയാൻ കഴിയും, ഈ രണ്ടു പേരിലും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. അതിലും പ്രധാനമായി, ചാമ്പ്യൻസ് ട്രോഫിയും ആസ്‌ട്രേലിയൻ പര്യടനവും വരുന്നു. വേണ്ട പ്രചോദനം ലഭിക്കും. അവർക്ക് ഫിറ്റ്നസ് നിലനിർത്താൻ കഴിയുമെങ്കിൽ, 2027 ലോകകപ്പ് മുന്നിലുണ്ട്’ -ഗംഭീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.