ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം; ബാറ്റിങ്ങിൽ ആദ്യ അഞ്ചിൽ മൂന്നുപേർ, ബൗളിങ്ങിൽ പത്തിൽ നാല്
text_fieldsന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ബാറ്റിങ്ങിൽ ആദ്യ അഞ്ചു റാങ്കുകാരിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്. 826 പോയന്റുമായി ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടു പോയന്റ് പിറകിൽ പാകിസ്താന്റെ ബാബർ അസമും രണ്ടാം സ്ഥാനം നിലനിർത്തി. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ വിരാട് കോഹ്‍ലി ഒരു സ്ഥാനം കയറി മൂന്നാമതെത്തിയപ്പോൾ (791 പോയന്റ്), രോഹിത് ശർമ (769) ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്, ന്യൂസിലാൻഡിന്റെ ഡാറിൽ മിച്ചൽ, ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ, ദക്ഷിണാഫ്രിക്കയുടെ റസീ വാൻ ഡെർ ഡസൻ, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ, അയർലൻഡിന്റെ ഹാരി ടെക്ടർ എന്നിവരാണ് അഞ്ച് മുതൽ 10 വരെ സ്ഥാനങ്ങളിൽ.
ബൗളർമാരിൽ 741 പോയന്റുമായി ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാം സ്ഥാനം നിലനിർത്തി. 703 പോയന്റുമായി ആസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് നാല് സ്ഥാനം മുന്നോട്ടുകയറി രണ്ടാം സ്ഥാനത്തെത്തി. 699 പോയന്റുമായി മുഹമ്മദ് സിറാജ് ഒരു സ്ഥാനം പിറകോട്ടിറങ്ങി മൂന്നാമതായപ്പോൾ 685 പോയന്റുമായി ജസ്പ്രീത് ബുംറ നാലാം സ്ഥാനം നിലനിർത്തി. കുൽദീപ് യാദവ് ഒരു സ്ഥാനം പിറകോട്ടിറങ്ങി ഏഴാം സ്ഥാനത്തായപ്പോൾ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മുന്നോട്ടുകയറി അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിക്കൊപ്പം പത്താമതെത്തി. ആസ്ട്രേലിയയുടെ ആദം സാംബ അഞ്ചും അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ ആറും സ്ഥാനത്താണ്. ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ട്, പാകിസ്താന്റെ ഷഹീൻ അഫ്രീദി എന്നിവരാണ് എട്ടും ഒമ്പതും റാങ്കുകളിൽ.
ആൾറൗണ്ടർമാരിൽ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസനാണ് ഒന്നാമത്. മാർകോ ജാൻസനൊപ്പം പത്താമതുള്ള രവീന്ദ്ര ജദേജയാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. മുഹമ്മദ് നബി, സിക്കന്ദർ റാസ, റാഷിദ് ഖാൻ, െഗ്ലൻ മാക്സ്വെൽ, അസദ് വാല, മിച്ചൽ സാന്റ്നർ, സീഷൻ മഖ്സൂദ്, മെഹ്ദി ഹസൻ മിറാസ് എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.