ഇന്ത്യൻ പേസാക്രമണം, ഓസീസ് 104 റൺസിന് പുറത്ത്; പെർത്തിൽ ഇന്ത്യക്ക് ലീഡ്
text_fieldsപെർത്ത്: പേസർമാർ അരങ്ങുവാണ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് ഇന്ത്യക്ക് ലീഡ്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യ ആസ്ട്രേലിയയെ 104 റൺസിന് കൂടാരം കയറ്റി. അഞ്ച് വിക്കറ്റെടുത്ത നായകൻ ജസ്പ്രീത് ബുംറയാണ് ഓസീസിന്റെ നടുവൊടിച്ചത്.
രണ്ടാം ദിനം ഏഴിന് 67 എന്ന നിലയിൽ കളി ആരംഭിച്ച ആസ്ട്രേലിയക്ക് 38 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ.
19 റൺസുമായി അലക്സ് കാരിയും ആറ് റൺസുമായി മിച്ചൽ സ്റ്റാർക്കും രണ്ടാം ദിനം കളി ആരംഭിച്ചത്. ബുംറ എറിഞ്ഞ ആദ്യ പന്തിൽ കാരിയെ (21) പുറത്താക്കി വരവറിയിച്ചു. അഞ്ച് റൺസെടുത്ത നഥാൻ ലിയോണിനെ ഹർഷിത് റാണ പുറത്താക്കി. അവസാന വിക്കറ്റിൽ സ്റ്റാർക്ക് നടത്തിയ ചെറുത്തു നിൽപ്പാണ് ഓസിസിനെ 100 കടത്തിയത്. 112 പന്തിൽ 26 റൺസെടുത്ത സ്റ്റാർക്കിനെ ഹർഷിദ് റാണ വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിലെത്തിച്ചു. ഏഴ് റൺസുമായി ജോഷ് ഹാസൽവുഡ് പുറത്താകാതെ നിന്നു.
ടീം സെലക്ഷനും ടോസ് തീരുമാനവും തെറ്റിച്ചെന്ന് തോന്നിച്ച് ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റിന് 32ലും അൽപം കഴിഞ്ഞ് ആറു വിക്കറ്റ് നഷ്ടപ്പെട്ട് 73ലും നിൽക്കെ ടീമിനെ ഭാഗികമായെങ്കിലും കരകടത്തിയത് ഋഷഭ് പന്തും (37 റൺസ്) കന്നിക്കാരൻ നിതീഷ് കുമാറും (41) ചേർന്നാണ്. വിരാട് കോഹ്ലി അഞ്ച് റൺസുമായി കൂടാരം കയറിയപ്പോൾ ഓസീസ് മണ്ണിൽ ആദ്യമായി ബാറ്റെടുത്ത യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവർ സംപൂജ്യരായി തിരിച്ചുകയറി. സ്റ്റാർക്കും ഹേസ്ൽവുഡും ചേർന്നുള്ള മാരകമായ സ്പെല്ലാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.
ഓപണിങ് ഇറങ്ങി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച് 26 റൺസ് നേടിയ കെ.എൽ. രാഹുലിന് അംപയറിങ്ങിലെ പാളിച്ച വില്ലനായി. വാലറ്റനിരയിൽ റാണ (7), ബുംറ (8) എന്നിവരും എളുപ്പം പുറത്തായതോടെ ഇന്ത്യയുടെ ടോട്ടൽ 150ൽ നിന്നു. ടോപ് ഓർഡർ ചിത്രത്തിലില്ലാതെ പോയതായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിലെ ഹൈലൈറ്റ്.
നാല് വിക്കറ്റ് നേടിയ ജോഷ് ഹെയ്സൽവുഡാണ് ഇന്ത്യൻ ബാറ്റിങ്ങിന് ഏറ്റവും കൂടുതൽ വെല്ലുവിളിയുയർത്തിയത്. മിച്ചൽ സ്റ്റാർക്ക്, നായകൻ പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയയെ ബുംറയും മുഹമ്മദ് സിറാജും തുടക്കം മുതൽ വിറപ്പിച്ചു. ടീം സ്കോർ 14ൽ നിൽക്കെ നഥാൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ബുംറ വിക്കറ്റ് വേട്ട തുടങ്ങി. തുടർന്നും ക്രീസിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ആസ്ട്രേലിയൻ ബാറ്റർമാരെയാണ് കാണാൻ സാധിച്ചത്. എട്ട് റൺസ് നേടിയ ഖ്വാജയെ വിരാടിന്റെ കൈയിലെത്തിച്ച് ബുംറ വേട്ട തുടർന്നു. പിന്നാലെയെത്തിയ സൂപ്പർതാരം സ്റ്റീവൻ സ്മിത്തിനെ തൊട്ടടുത്ത പന്തിൽ പൂജ്യനായി മടക്കി.
ട്രാവിസ് ഹെഡ് 12 പന്തിൽ രണ്ട് ഫോർ നേടി 11 റൺസുമായി നിൽക്കെ ഹർഷിത് റാണ കുറ്റി പിഴുതു. മിച്ചൽ മാർഷിനെ (6) രാഹുലെടുത്ത മികച്ച ക്യാച്ചിലൂടെ പുറത്താക്കി സിറാജും അക്കൗണ്ട് തുറന്നു. 52 പന്തോളം ക്രീസിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത മാർനസ് ലബുഷെയ്നെ മടക്കി സിറാജ് കളം നിറഞ്ഞു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പുറത്താക്കാൻ ഇന്ത്യൻ നായകൻ വീണ്ടും പന്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.