ഇന്ത്യൻ പേസാക്രമണം; അയർലൻഡ് 96 റൺസിന് പുറത്ത്
text_fieldsന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 96 റൺസിന് എറിഞ്ഞുവീഴ്ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 16 ഓവറിൽ 96 റൺസിന് എല്ലാവരും പുറത്താകുകായിരുന്നു. 26 റൺസെടുത്ത ഗാരെത് ഡെലാനിയാണ് ടോപ് സ്കോറർ. ഹാർദിക് പാണ്ഡ്യ മൂന്നും അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.
അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റിർലിങിനെ (2) പുറത്താക്കി അർഷ്ദീപാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതേ ഓവറിൽ തന്നെ ഓപണർ ആൻഡ്രൂ ബാൽബിർണിയെയും (5) മടക്കിയയച്ച് അർഷ്ദീപ് അയർലൻഡിനെ പ്രതിരോധത്തിലാക്കി.
ലോർക്കൻ ടക്കറിനൊപ്പം ക്രീസിൽ കരുതലോടെ നിലയുറപ്പിക്കാൻ ശ്രമിച്ച ഹാരി ടെക്ടറിനെ (4) പുറത്താക്കി ജസ്പ്രീത് ബുംറയും ആക്രമണത്തിനെത്തിയതോടെ അയർലൻഡിന്റെ നില പരുങ്ങലിലായി. 10 റൺസെടുത്ത ടക്കറിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.
എട്ടു പന്തിൽ 12 റൺസെടുത്ത് കർട്ടിസ് കാംഫറും പാണ്ഡ്യയുടെ പന്തിൽ വീണു. ജോർജ്ജ് ഡോക്രെലിനെ (3) വീഴ്ത്തി മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടക്കാരൊപ്പം ചേർന്നു. മാർക്ക് അഡയറിനെ (3) ദുബെയുടെ കൈകളിലെത്തിച്ച് ഹാർദിക് മൂന്നാം വിക്കറ്റും തികച്ചു.
അക്സർ പട്ടേൽ ബാരി മക്കാർത്തിയെ റൺസൊന്നും എടുക്കാതെ പറഞ്ഞയക്കുമ്പോൾ അയർലൻഡ് സ്കോർ 11.2 ഓവറിൽ എട്ടുവിക്കറ്റിന് 50 റൺസ് മാത്രമാണ്. ഗാരെത് ഡെലാനിയും ജോഷ്വ ലിറ്റിലും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 14 റൺസെടുത്ത ജോഷ്വ ലിറ്റിൽ ബുംറക്ക് വിക്കറ്റ് നൽകി മടങ്ങി. 14 പന്തിൽ രണ്ടും സിക്സും രണ്ടു ഫോറും നേടിയ ഡെലാനി റണ്ണൗട്ടാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.