‘ദൈവത്തിന് സ്തുതി’, ഉംറ നിർവഹിക്കുന്ന ചിത്രം പങ്കുവെച്ച് ക്രിക്കറ്റർ മുഹമ്മദ് സിറാജ്
text_fieldsഹൈദരാബാദ്: മക്കയിലെത്തി ഉംറ നിർവഹിക്കുന്നതിന്റെ പടം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ‘അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി)’ എന്ന അടിക്കുറിപ്പോടെയാണ് സിറാജ് ചിത്രം പങ്കുവെച്ചത്.
ഇന്ന് തുടങ്ങിയ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളറായ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡ്‌ബൈ കളിക്കാരുടെ പട്ടികയിൽ താരം ഇടംപിടിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ചയായിരുന്നു മക്കയിലേക്കുള്ള യാത്ര. ഇഹ്റാമിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി എയർപോർട്ടിൽനിന്ന് സിറാജ് യാത്ര തിരിക്കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഉംറക്കായി ഇഹ്റാം വേഷത്തിൽ കഅ്ബയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് സിറാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മണിക്കൂറുകൾക്കകം 21 ലക്ഷത്തോളം പേരാണ് പോസ്റ്റ് ലൈക് ചെയ്തത്. ഋഷഭ് പന്ത്, റാഷിദ് ഖാൻ, സർഫറാസ് ഖാൻ തുടങ്ങി നിരവധി രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള 40000ത്തിലേറെ പേർ സ്നേഹവും അനുഗ്രഹവും നേർന്ന് കമന്റും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലേക്കാണിനി സിറാജിന്റെ ശ്രദ്ധ. ഇക്കുറി ഗുജറാത്ത് ടൈറ്റൻസിന്റെ കുപ്പായത്തിലാണ് തെലങ്കാനക്കാരൻ കളത്തിലിറങ്ങുന്നത്. താരലേലത്തിൽ 12.25 കോടിയെന്ന വൻതുകക്കാണ് ഗുജറാത്ത് ടൈറ്റൻസ് സിറാജിനെ ടീമിലെത്തിച്ചത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സിറാജിനെ ഉൾപ്പെടുത്താതിരുന്നതിനെതിരെ ചില കോണുകളിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്. രവീന്ദ്ര ജദേജക്ക് പകരമെങ്കിലും സിറാജിനെ എത്തിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര തുറന്നടിച്ചിരുന്നു. 15 അംഗ ടീമിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരാണ് പേസ് ബൗളർമാരായി ഇടം നേടിയത്.
‘മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിന്‍റെ ഭാഗമാകണമായിരുന്നു. ടീമിൽ രണ്ട് ഇടം കൈയൻ സ്പിന്നർമാരും ഒരു ഓഫ് സ്പിന്നറുമുണ്ട്. വേണമെങ്കിൽ ഇതിൽ നിന്നും ഒരാളെ ഒഴിവാക്കാമായിരുന്നു. രവീന്ദ്ര ജദേജയെ ഒഴിവാക്കി പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കാമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ടീമിനുള്ളിൽ ജഡേജയേക്കാൾ മൂല്യം കൊണ്ടുവരാൻ സിറാജിന് സാധിക്കുമായിരുന്നു. അവനെ കുറച്ചുകൂടി ഭേദമായി ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. ജദേജ ടീമിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് എനിക്ക് തോന്നുന്നത്’ -ചോപ്ര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.