ഇന്ത്യൻ താരങ്ങളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; മാഞ്ചസ്റ്റർ ടെസ്റ്റ് നടക്കും
text_fieldsമാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യൻ താരങ്ങൾ എല്ലാവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണിത്.
കോച്ച് രവി ശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനും പിന്നാലെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറും പോസിറ്റിവായതോടെ മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാഴാഴ്ച ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ആർ.ടി.പി.സി.ആർ പരിശോധന ഫലം വരുന്നതുവരെ കളിക്കാർ സമ്പർക്കമില്ലാതെ തുടരണമെന്നതിനാലാണ് വ്യാഴാഴ്ച ടീം പരിശീലനം ഒഴിവാക്കിയത്.
ശാസ്ത്രിയും അരുണും പോസിറ്റിവായതോടെ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരും സമ്പർക്കവിലക്കിലായിരുന്നു. പിന്നാലെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറും പോസിറ്റിവായതോടെ ടീമിന് ഫിസിയോ ഇല്ലാതായി. പ്രധാന സപ്പോർട്ട് സ്റ്റാഫുകളിൽ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് മാത്രമാണ് ടീമിനൊപ്പം തുടരുന്നത്.
ടീമിലെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും മുഴുവനായും വാക്സിൻ എടുത്തവരാണെങ്കിലും ബ്രിട്ടനിലെ നിലവിലെ സാഹചര്യത്തിൽ ശക്തമായ ജൈവവലയ സംവിധാനം ടീം തുടരുന്നില്ല. ഇതാണ് കോവിഡ് പടരാൻ കാരണമായതെന്നാണ് നിഗമനം. ഹോട്ടലിൽ നടന്ന ശാസ്ത്രിയുടെ പുസ്തകപ്രകാശന ചടങ്ങിൽ പുറത്തുനിന്നുള്ള അതിഥികളും പങ്കെടുത്തിരുന്നു. അവരിൽ നിന്നാവാം ശാസ്ത്രിക്ക് കോവിഡ് പകർന്നതെന്നാണ് കരുതപ്പെടുന്നത്. അരുൺ, പട്ടേൽ, ശ്രീധർ എന്നിവരെല്ലാം ആ പരിപാടിയിൽ സംബന്ധിച്ചിരുന്നു.
ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ 157 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുമ്പിലെത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിലെ നാലാമത്തെ പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം തുടർച്ചയായി രണ്ടാം ടെസ്റ്റ് പരമ്പര തോൽവി ഒഴിവാക്കാനാണ് ആതിഥേയരുടെ ശ്രമം. 1986ന് ശേഷം ആദ്യമായി ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.