‘സൂപ്പറാവാൻ’ ജയന്റ്സ്
text_fieldsഐ.പി.എല്ലിലെ പുതിയ ടീമാണെങ്കിലും ആദ്യ രണ്ട് സീസണിലും പ്ലേ ഓഫിലെത്തിയവരാണ് ലഖ്നോ സൂപ്പർ ജയന്റ്സ്. കെ.എൽ. രാഹുലിന് പകരം ഐ.പി.എൽ ലേലത്തിലെ റെക്കോഡ് തുകക്ക് റാഞ്ചിയ ഋഷഭ് പന്തിനാണ് ഇത്തവണ ടീമിനെ നയിക്കാനുള്ള ചുമതല. ഐ.പി.എല്ലിലെ ചരിത്രവിലയായ 27 കോടിക്കാണ് പന്തിനെ ലഖ്നോ കൂടെകൂട്ടിയത്. പന്തിന്റെ നേതൃത്വത്തിൽ ഈ സീസണിൽ കിരീടം ലക്ഷ്യംവെച്ചാണ് അവർ പോരിനിറങ്ങുന്നത്.
സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമായ ടീമാണ് ലഖ്നോ സൂപ്പർ ജയന്റ്സ്. 2022ലും 2023ലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം കഴിഞ്ഞ സീസണിൽ മാത്രമാണ് പതറിയത്. 2024ൽ 14 മത്സരങ്ങളിൽനിന്നായി ഏഴ് വിജയങ്ങളോടെ ഏഴാം സ്ഥാനത്തായിരുന്നു ടീമിന്റെ സ്ഥാനം. ഇത്തവണ കരുത്തുറ്റ ബാറ്റിങ് നിരയാണ് അവർക്കൊപ്പമുള്ളത്. മികച്ച ബാറ്റിങ് നിരയാണെങ്കിലും ബൗളിങ്ങിലെ പോരായ്മകൾ സൂപ്പർ ജയന്റ്സിന് വെല്ലുവിളി ഉയർത്തും. മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയ പ്രധാന പേസർമാരുടെ പരിക്ക് ആശങ്ക ഉയർത്തുന്നു.
ബാറ്റിങ് ജയന്റ്സ്
ലഖ്നോ ടീമിന്റെ ബാറ്റിങ് സ്ക്വഡ് ഇത്തവണയും ഡബിൾ സ്ട്രോങ്ങാണ്. പന്തിനൊപ്പം ഡേവിഡ് മില്ലർ, എയ്ഡൻ മർക്രം, നികൊളാസ് പൂരാൻ, മിച്ചൽ മാർഷ് എന്നിവർ കൂടെ എത്തുമ്പോൾ ടീം കൂടുതൽ ശക്തരാകും. വാലറ്റത്തും മധ്യനിരയിലും നന്നായി ബാറ്റ് ചെയ്യുന്ന താരങ്ങൾ ടീമിന് മുതൽകൂട്ടാവും. ഷഹബാസ് അഹ്മദ്, ആയുഷ് ബദോനി, അബ്ദുൽ സമദ് തുടങ്ങി ഏഴ് ഓൾറൗണ്ടർമാരാണ് ഇക്കുറി ടീമിലുള്ളത്.
കഴിഞ്ഞ സീസണിലെ ടീമിനെ അപേക്ഷിച്ച് ഇക്കുറി മികച്ച ഓൾറൗണ്ടർമാർ ടീമിനൊപ്പമില്ല. എന്നാലും ബാറ്റിങ്ങിൽ അവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. താരലേലത്തിൽ ബാറ്റിങ് കരുത്ത് നിലനിർത്താൻ അവർ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ, ബൗളിങ്ങിലെ വെല്ലുവിളിയായിരിക്കും അവരെ അലട്ടുന്നത്. പ്രധാന പേസർമാരുടെ പരിക്കും സ്പിൻ ആക്രമണത്തിന്റെ മൂർച്ചക്കുറവും ടീമിനെ പ്രയാസപ്പെടുത്തിയേക്കാം. സ്റ്റാർ ബൗളർമാരുടെ അഭാവം തീർക്കാൻ ഷാർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. മാർച്ച് 24ന് ഡൽഹി കാപിറ്റൽസുമായാണ് സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.