ഐ.പി.എൽ താരലേലം ഇന്ന്
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം സീസൺ താരലേലം ഇന്ന് ദുബൈയിൽ. 214 ഇന്ത്യക്കാരടക്കം 333 പേരാണ് 10 ടീമുകളിൽ ഇടംതേടി രംഗത്തുള്ളത്. 77 ഒഴിവുകളുള്ളതിൽ 30 വരെ വിദേശതാരങ്ങളെ സ്വന്തമാക്കാം. ഇവർക്കായി മൊത്തം 250 കോടി രൂപവരെ മുടക്കാം. 23 താരങ്ങൾക്ക് അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. തൊട്ടുതാഴെ 1.5 കോടി വിലയുള്ള 13 പേരുണ്ട്.
ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക. 31.4 കോടി കൈയിലുള്ള ചെന്നൈ വെറ്ററൻ താരം അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവർക്ക് പകരക്കാരെ തിരഞ്ഞാകും എത്തുക. ടീം വിട്ടുനൽകിയ ഷാർദുൽ താക്കൂറിന് പകരമോ താരത്തെതന്നെയോ ടീം സ്വന്തമാക്കും. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിട്ട ഗുജറാത്ത് ടൈറ്റൻസിനുമേലാണ് സമ്മർദം ഏറ്റവും കൂടുതൽ. ഷാർദുൽ താക്കൂർ, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, അസ്മതുല്ല ഉമർസായ് എന്നിവരിലാണ് ടീം നോട്ടമിട്ടിരിക്കുന്നത്. 38.15 കോടിയാണ് ഗുജറാത്തിന്റെ സമ്പാദ്യം.
ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഇപ്പോഴും അനിശ്ചിതമായി തുടരുന്ന ഡൽഹിക്ക് ഹർഷൽ പട്ടേൽ, ഷാർദുൽ, ജോസ് ഇൻഗ്ലിസ്, വനിന്ദു ഹസരംഗ തുടങ്ങി കഴിവ് തെളിയിച്ച കുറെപേരെ വേണം. 28.95 കോടിയാണ് ടീമിന്റെ നീക്കിയിരിപ്പ്. രാജസ്ഥാനാകട്ടെ സമീർ റിസ്വി, അശുതോഷ് ശർമ, അഭിമന്യു സിങ്, സൗരഭ് ചൗഹാൻ തുടങ്ങി കുറേക്കൂടി യുവനിരയെയാണ് ലക്ഷ്യംവെക്കുന്നത്.
രോഹിതിനു പകരം ഹാർദികിനെ നായകനാക്കിയ മുംബൈയും വൻസ്രാവുകളെ നോട്ടമിടുന്നില്ല. ഹർഷൽ പട്ടേലിനെ വിട്ടുനൽകിയ ബാംഗ്ലൂരിന് പകരമായി മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ് തുടങ്ങിയ പ്രമുഖരെയാണ് വേണ്ടത്. പരിചയസമ്പന്നർക്ക് പിന്നാലെയാണ് പഞ്ചാബ് കിങ്സ്, കൊൽക്കത്ത, ലഖ്നോ ടീമുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.