കോഹ്ലിയുടെ ചുവപ്പൻ പട
text_fieldsഗാലറിയെ ചുവന്ന കടലാക്കാനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങൾക്ക് ആവേശം പകരാനുമുള്ള ഒരുക്കങ്ങളെല്ലാം ആരാധകർ പൂർത്തിയാക്കി. ചിയർ കിറ്റുകളും ആർ.സി.ബി ഫ്ലാഗുകളും എല്ലാം റെഡി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബോൾഡ് ആർമിയെന്ന ഫാൻ ഗ്രൂപ്പിൽ ആരവങ്ങളുയർന്നു കഴിഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നുതവണ റണ്ണേഴ്സ് അപ്പായ ബംഗ്ലൂർ ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററും ബാറ്ററുമായ ഫാഫ് ഡു പ്ലെസിയാണ് സ്ക്വാഡിനെ നയിക്കുന്നത്. ഡു പ്ലെസിയും രജത് പട്ടിദാറുമായിരിക്കും ഓപണർ ബാറ്റർമാരായി ഇറങ്ങാൻ സാധ്യത. ഇവരോടൊപ്പം സൂപ്പർ താരം വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ് വെല്ലും ചേരുന്നതോടെ ബാറ്റിങ് നിര പൂർണ സജ്ജരാവും.
വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കുന്ന ദിനേശ് കാർത്തിക്കിലും ഇത്തവണ ടീമിന് വലിയ പ്രതീക്ഷയുണ്ട്. ശക്തിയുള്ള ബാറ്റിങ് സംഘമാണെങ്കിലും സമയമെടുത്ത് ഫോമിലേക്ക് ഉയരുന്നവരാണ് കൂടുതൽ താരങ്ങളും. പരിക്കുള്ളത് കാരണം രജത് പട്ടിദാർ ആദ്യ മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന സൂചനയുണ്ട്.
പരിക്കു കാരണം ഇംഗ്ലണ്ട് താരം വിൽ ജാക്സനും ഇത്തവണ പുറത്താണ്. ഇടം കൈയൻ ബാറ്ററായ ഡേവിഡ് വില്ലിയും ഫിൻ അലെനും ടീമിൽ ഓൾ റൗണ്ടർമാരായി കളിക്കും. റീസ് ടോപ്ലിയും അവിനാശ് സിങ്ങും മികച്ച പേസർമാരായി ടീമിലുണ്ട്. ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും ബൗളിങ്ങിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങളുമാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി മികച്ച താരനിരയുള്ളതിനാൽ മൈതാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ഒത്തിണക്കവും തുടക്കത്തിൽ തന്നെ ഫോമിലേക്ക് ഉയരാനും താരങ്ങൾക്ക് കഴിയണം.
ആശാൻ
സഞ്ജയ് ബാംഗർ
ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ സഞ്ജയ് ബാംഗറാണ് ആർ.സി.ബിയുടെ പരിശീലകൻ. ടെസ്റ്റിലും ഏകദിനത്തിലും എല്ലാം മൈതാനത്ത് ഓൾറൗണ്ടറായി തിളങ്ങിയ താരമായിരുന്നു സഞ്ജയ് ബാംഗർ. ഐ.പി.എല്ലിൽ ചുരുക്കം ചില ടീമുകൾക്ക് മാത്രമാണ് ഓൾ റൗണ്ടർമാർ പരിശീലകരായുള്ളത്. 2021 ലാണ് ആർ.സി.ബിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഓൾറൗണ്ടർ ആയതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും ഇദ്ദേഹത്തിൻറെ തന്ത്രങ്ങൾ പയറ്റാമെന്നത് സ്ക്വാഡിന് ഏറെ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.