സഞ്ജുവും സംഘവും ചോദിക്കുന്നു; ഞങ്ങളോട് കളിക്കാൻ ആരുണ്ട്?
text_fieldsപ്രഥമ ഐ.പി.എൽ മത്സരത്തിൽ കിരീടം നേടിയ ആവേശമൊന്നും രാജസ്ഥാൻ റോയൽസിന് ഇപ്പോഴും ചോർന്നിട്ടില്ല. പിന്നീടുള്ള നിരവധി സീസണുകളിൽ കാര്യമായ വിജയം രാജസ്ഥാൻ സംഘത്തിന് നേടാനായില്ലെങ്കിലും കഴിഞ്ഞ സീസൺ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. ഫൈനലിൽ എത്തിയ ടീം ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെടുകയായിരുന്നു.
എന്നാൽ, സഞ്ജു സാംസൺ നായകനായുള്ള ടീമിനെ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഐ.പി.എൽ ആരാധകർ നോക്കിക്കാണുന്നത്. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഐ.പി.എൽ കിരീടമെന്ന ലക്ഷ്യത്തിനപ്പുറം ഇന്ത്യൻ ദേശീയ ടീമും വലിയ പ്രതീക്ഷയായി മനസ്സിലുണ്ടാവും. വലിയ സമ്മർദം ഉണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കുമെന്നാണ് സഞ്ജു നൽകുന്ന ഉറപ്പ്.
സൂപ്പർതാരവും ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ജോസ് ബട്ട്ലറും ഇന്ത്യൻ ക്രിക്കറ്ററും ഇടംകൈയൻ ബാറ്ററുമായ യശ്വന്ത് ജയ്സ്വാളുമായിരിക്കും ഓപണർമാരായി ഇറങ്ങാൻ സാധ്യത. ഇരുവരും ഫോം നിലനിർത്തിയാൽ സഹതാരങ്ങൾക്കും ആവേശം പകരും. മൂന്നാമനായിട്ടായിരിക്കും സഞ്ജു ഇറങ്ങുക. ദേവദത്ത് പടിക്കലും ആർ. അശ്വിനും റിയാൻ പരാഗുമെല്ലാം ക്രീസിൽ നിറഞ്ഞാടിയാൽ രാജസ്ഥാന്റെ ബാറ്റിങ് നിര ശക്തിപ്രാപിക്കും.
ലോകോത്തര സ്പിന്നർമാരായ ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലിലുമാണ് ബൗളിങ് പ്രതീക്ഷയുള്ളത്. ഓൾറൗണ്ടറായ ജാസൺ ഹോൾഡറിന്റെ പന്തേറും തുണയാവും. ടീമിലെ കെ.എം. ആസിഫും അബ്ദുൽ പി.എയും മലയാളി താരങ്ങളാണ്. പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക് രാജസ്ഥാനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പരിക്ക് കാരണം ഒബേദ് മക്കോയിക്ക് ആദ്യ മത്സരങ്ങള് നഷ്ടമാകുന്നതും ടീമിന് ക്ഷീണം ചെയ്യും.
ആശാൻ
കുമാർ സംഗക്കാര
ശ്രീലങ്കൻ ക്രിക്കറ്ററും കമന്റേറ്ററുമായ കുമാർ സംഗക്കാരയാണ് ടീമിന്റെ പരിശീലകൻ. ശ്രീലങ്കൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. മികച്ച ബാറ്ററും ഉഗ്രൻ വിക്കറ്റ് കീപ്പറുമായാണ് ഇദ്ദേഹം മൈതാനത്ത് തിളങ്ങിയിരുന്നത്. 134 ടെസ്റ്റ് മത്സരങ്ങളും 404 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുതിയ തന്ത്രങ്ങളും പരിശീലനവും രാജസ്ഥാൻ സംഘത്തിന് ഏറെ മുതൽക്കൂട്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.