അറബിനാട്ടിൽ അങ്കപ്പുറപ്പാട്
text_fieldsദുബൈ: ഇമറാത്തിെൻറ മണ്ണിൽ ഇന്ത്യയുടെ ക്രിക്കറ്റ് പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം. കൊട്ടും കുരവയും ആട്ടവും പാട്ടും ആരവങ്ങളുമില്ലാത്ത ആളൊഴിഞ്ഞ പൂരപ്പറമ്പിൽ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം സീസണിന് അങ്കംകുറിക്കും. ആർപ്പുവിളികൾക്കു നടുവിൽ പന്തെറിഞ്ഞും പാഡ് കെട്ടിയും മാത്രം ശീലമുള്ള െഎ.പി.എല്ലിെൻറ ആവേശം മാറ്റുകുറയാതെ ടെലിവിഷൻ വഴി കളിക്കമ്പക്കാരിലേക്കെത്തിക്കാൻ യു.എ.ഇ ഒരുങ്ങിക്കഴിഞ്ഞു.
അവസാന സീസണിലെ കലാശപ്പോരിൽ നിർത്തിയിടത്തുനിന്ന് തുടങ്ങാൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ്അപ്പായ ചെന്നൈ സൂപ്പർകിങ്സും ഇറങ്ങുേമ്പാൾ ആദ്യ ദിനംതന്നെ ആവേശം കൊടുമുടി കയറുമെന്നുറപ്പ്. അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു.എ.ഇ സമയം വൈകീട്ട് ആറു മണിക്കും ഇന്ത്യൻസമയം 7.30നും ആദ്യ പന്തെറിയും.
കടൽ കടന്ന് രണ്ടാം തവണയാണ് യു.എ.ഇയിലേക്ക് ഐ.പി.എൽ എത്തുന്നത്. 2014ൽ ഇന്ത്യയിൽ ലോക്സഭ തെരഞ്ഞെടുപ്പായിരുന്നതിനാൽ ആദ്യ 20 മത്സരങ്ങൾ യു.എ.ഇയിൽ നടത്തിയിരുന്നു. 35 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇ ഇരുകൈയും നീട്ടിയാണ് കായികമാമാങ്കത്തെ സ്വീകരിച്ചത്. നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ സ്ഥാനത്ത് ഇക്കുറി വരവേൽക്കുന്നത് ഒഴിഞ്ഞ കസേരകളാണ്. നഗരമധ്യത്തെ മൂന്നു മൈതാനങ്ങളിൽ കളി നടക്കുേമ്പാൾ തൊട്ടടുത്തുള്ള താമസസ്ഥലത്തിരുന്ന് മൊബൈലിലോ ടി.വിയിലോ കളി കാണേണ്ട അവസ്ഥയിലാണ് യു.എ.ഇയിലെ കായികപ്രേമികൾ.
എങ്കിലും, ഗാലറിക്കു പുറത്ത് ടെലിവിഷൻ പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള പൊടിെക്കെകളുമായാണ് ഇത്തവണ ഐ.പി.എൽ എത്തുന്നത്.അര ഡസൻ കോവിഡ് പരിശോധനക്കുശേഷമാണ് താരങ്ങൾ നാളെ കളത്തിലിറങ്ങുന്നത്. ഗാലറികൾ ദിവസവും അണുമുക്തമാക്കുന്നു. ചൂടാണ് പ്രധാന പ്രശ്നം. 40 ഡിഗ്രിക്കു മുകളിലാണ് യു.എ.ഇയിലെ ചൂട്. ഈ മാസം ഉച്ചക്ക് മത്സരമില്ലെങ്കിലും വൈകുന്നേരങ്ങളിലും ടീമിനെ ചൂട് ബാധിച്ചേക്കും.
ഫുട്ബാൾ ലീഗുകൾ നേരേത്ത തുടങ്ങിയെങ്കിലും ഈ വഴിയിൽ സഞ്ചരിക്കാൻ ക്രിക്കറ്റ് മടിച്ചുനിൽക്കുകയായിരുന്നു. കരീബിയൻ പ്രീമിയർ ലീഗ് മാത്രമാണ് രാജ്യാന്തരതലത്തിൽ അരങ്ങേറിയത്. ഇതിനു പിന്നാലെ ഐ.പി.എൽ എത്തുന്നതോടെ ക്രിക്കറ്റ് ലോകത്ത് ചെറുതല്ലാത്ത ഉണർവ് പകരും. ക്രിക്കറ്റ് ലോകകകപ്പുപോലും മാറ്റിവെച്ച സ്ഥാനത്താണ് ഐ.പി.എൽ അരങ്ങിലെത്തുന്നതെന്നും ശ്രദ്ധേയമാണ്.
ആഭ്യന്തര താരങ്ങളെ ഉൾപ്പെടുത്തി ഡി10 ടൂർണമെൻറ് സുരക്ഷിതമായി സംഘടിപ്പിച്ച് തെളിയിച്ചതിെൻറ പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഐ.പി.എല്ലിനെ സ്വീകരിക്കാൻ സമ്മതം മൂളിയത്. കോവിഡ് സ്ഥിരീകരിച്ചതുമൂലം ക്വാറൻറീനിലായിരുന്ന താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. പ്ലക്കാർഡും ചിയർ ലീഡേഴ്സുമൊന്നുമില്ലാതെയെത്തുന്ന കുട്ടിക്രിക്കറ്റിെൻറ ആവേശത്തിലാണ് യു.എ.ഇയും ഇന്ത്യയും ക്രിക്കറ്റ് ലോകവും.
ഏകദിന റാങ്കിങ്: വിരാട് ഒന്നാമൻ
ദുബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 871 പോയൻറുള്ള കോഹ്ലിക്കു പിറകിൽ വിശ്വസ്തനായ ഉപനായകൻ രോഹിത് ശർമ 855 പോയേൻറാടെ രണ്ടാമതാണ്. പാക് ബാറ്റ്സ്മാൻ ബാബർ അഅ്സം, ന്യൂസിലൻഡ് താരം റോസ് ടെയ്ലർ എന്നിവരാണ് തൊട്ടുപിറകിൽ.
ഡൂപ്ലസി, കെയിൻ വില്യംസൺ, ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഡി കോക്ക് എന്നിവർക്കു പിറകിൽ ഇംഗ്ലണ്ടിെൻറ ജോണി ബെയർസ്റ്റോ 10ാം സ്ഥാനക്കാരനാണ്.ബൗളിങ്ങിൽ ന്യൂസിലൻഡിെൻറ ട്രെൻറ് ബോൾട്ടാണ് മുന്നിൽ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, അഫ്ഗാൻ താരം മുജീബുറഹ്മാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരാണ്.
ഫുട്ബാൾ റാങ്കിങ്ങിൽ ബെൽജിയം നമ്പർ വൺ
സൂറിക്: ഫിഫ ഫുട്ബാൾ റാങ്കിങ്ങിൽ ബെൽജിയംതന്നെ ഒന്നാം സ്ഥാനത്ത്. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. പോർചുഗൽ അഞ്ചാമതെത്തി. 20ാമതായി സെനഗൽ ആഫ്രിക്കയിൽനിന്നും 28ാമതായി ജപ്പാൻ ഏഷ്യയിൽനിന്നും ഒന്നാമതാണ്. ഇന്ത്യ 109ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.