'ഇന്ത്യൻ സ്പിന്നർമാർ പന്തെറിയുമ്പോൾ അങ്ങനെയൊരു കുഴപ്പമുണ്ട്, തല്ലുകൊള്ളുമെന്നതായിരിക്കാം കാരണം'; തുറന്നുപറഞ്ഞ് മുത്തയ്യ
text_fieldsഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ സ്ട്രാറ്റജിക് കോച്ചാണ് സ്പിൻ ഇതിഹാസമായ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ വീഴ്ത്തിയ ഒരേയൊരു ബൗളർ മുരളീധരനാണ്. ഏകദിനത്തിലും 534 വിക്കറ്റുകളുമായി മുന്നിലുള്ളത് മുരളീധരൻ തന്നെ. വലംകൈയൻ സ്പിന്നറായ മുരളീധരന്‍റെ കുത്തിത്തിരിയുന്ന പന്തുകൾ ബാറ്റർമാർക്ക് എക്കാലവും പേടിസ്വപ്നമായിരുന്നു.
ഐ.പി.എല്ലിലെ ഇന്ത്യൻ സ്പിൻ ബൗളർമാരുടെ പ്രകടനത്തെ കുറിച്ച് അത്ര മികച്ച അഭിപ്രായമല്ല മുത്തയ്യ മുരളീധരനുള്ളത്. ഇന്ത്യൻ സ്പിന്നർമാർ പന്ത് വായുവിൽ കറക്കുന്നില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. പന്ത് വായുവിൽ കറക്കുന്നതും പിച്ചിൽ കുത്തിത്തിരിക്കുന്നതും ഒരു കലയാണ്. അത് ഐ.പി.എൽ പോലെയുള്ള കുറഞ്ഞ ഓവർ മത്സരങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർക്ക് നഷ്ടമാകുകയാണ്.
പന്ത് കറക്കുന്നതിന് പകരം വേഗതയിലും നേരെയുമാണ് യുവ സ്പിന്നർമാർ പന്തെറിയുന്നത്. വേഗം കുറച്ച് കറക്കിയെറിയുമ്പോൾ തല്ലുകൊള്ളുമോയെന്ന ആശങ്ക ഇതിന് പിന്നിലുണ്ട് -മുരളീധരൻ പറഞ്ഞു.
ബാറ്റർമാർ നെറ്റിൽ പരിശീലനം ചെയ്യുമ്പോൾ ഏറെ പന്തും നേരെ വരുന്നവയാണ്. അങ്ങനെ നേരെ വരുന്ന പന്തുകൾ അടിച്ചുപറത്താൻ പ്രതീക്ഷിച്ചായിരിക്കും അവർ മാനസികമായി തയാറെടുത്തിട്ടുണ്ടാവുക. എന്നാൽ, പന്തുകൾ കറങ്ങിവീഴുമ്പോൾ അതിനെ എങ്ങിനെ നേരിടണമെന്ന് അവരുടെ തലച്ചോറിന് പെട്ടെന്ന് ചിന്തിച്ചെടുക്കാനാവില്ല. അതുകൊണ്ട് സ്പിന്നർമാർ പന്തുകൾ കറക്കിക്കൊണ്ടുതന്നെ അവസരങ്ങൾ സൃഷ്ടിച്ചെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത് -മുരളീധരൻ വ്യക്തമാക്കി.
സൺ റൈസേഴ്സും ചെന്നൈ സൂപർകിങ്സും തമ്മിൽ ഇന്ന് ഏറ്റുമുട്ടുകയാണ്. രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം. നിലവിൽ പോയിന്‍റ് പട്ടികയിൽ സൺറൈസേഴ്സ് മൂന്നാമതും ചെന്നൈ ആറാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.