ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര വിജയം നേടി ഇന്ത്യൻ വനിതകൾ; ഓസീസിനെ തകർത്തത് എട്ടുവിക്കറ്റിന്
text_fieldsമുംബൈ: വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
നാലാം ദിനം അഞ്ചിന് 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് 28 റൺസ് ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദും ഹർമൻപ്രീത് കൗറും ചേർന്നാണ് ആസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്.
75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 38 റൺസെടുത്ത സ്മൃതി മന്ദാനയും 12 റൺസെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത ഷഫാലി വർമയും 13 റൺസെടുത്ത റിച്ചാഘോഷുമാണ് പുറത്തായി.
നേരത്തെ,മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 219 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റെടുത്ത പൂജ വസ്ത്രാക്കറിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയുടെ ബൗളിങ് മികവിലാണ് ഓസീസിനെ 219 ൽ ഒതുക്കിയത്. അർധ സെഞ്ച്വറി നേടിയ തഹില മെഗ്രാത് (50) ഓസീസ് ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 406 റൺസ് സ്കോർ ചെയ്തു. 187 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യനേടിയത്. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തിയ ദീപ്തി ശർമയായിരുന്നു ടോപ് സ്കോറർ.
സ്മൃതി മന്ദാന(70), റിച്ചാഘോഷ്(52), ജമീമ റോഡ്രിഗസ്(73), ദീപ്തി ശർമ ഉൾപ്പെടെ നാല് അർധ സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്സിൽ പിറന്നത്. 40റൺസെടുത്ത ഒാപണർ ഷഫാലി വർമയും 47 റൺസെടുത്ത പൂജ വസ്ത്രാക്കറും ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി.
ആസ്ട്രേലിയ രണ്ടാം ഇന്നിങ്സ് മൂന്നാം ദിനം മികച്ച നിലയിലാണ് ആരംഭിച്ചതെങ്കിലും നാലാം ദിനം കൂട്ടതകർച്ചയോടെ തോൽവി സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും അർധസെഞ്ച്വറി നേടിയ തഹില മെഗ്രാത്ത് (73) തന്നെയാണ് ടോപ് സ്കോറർ. ബെത്ത് മോണി (33), ഫോബ് ലിച്ച്ഫീൽഡ്(18), എല്ലിസ് പെറി(45), ക്യാപ്റ്റൻ അലിസ ഹീലി (32), അന്നബെൽ സതർലാൻഡ് (27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.