ദക്ഷിണാഫ്രിക്കെക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം
text_fieldsചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ വൻ വിജയം ആഘോഷിച്ച് ഇന്ത്യൻ വനിതകൾ. 10 വിക്കറ്റിനാണ് ഹർമൻപ്രീത് കൗറും സംഘവും എതിരാളികളെ തകർത്തത്. ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക കുറിച്ച 37 റൺസ് ലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ നേടി ആതിഥേയർ. സ്കോർ: ഇന്ത്യ 603/6 ഡിക്ല. & 37/0, ദക്ഷിണാഫ്രിക്ക 266 & 373. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്നേഹ് റാണയാണ് പ്ലെയർ ഓഫ് ദ മാച്ച്.
നാലാമത്തെയും അവസാനത്തെയും ദിവസമായ തിങ്കളാഴ്ച രാവിലെ രണ്ട് വിക്കറ്റിന് 232 റൺസെന്ന ശക്തമായ നിലയിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. 93 റൺസുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റനും ഓപണറുമായ ലോറ വോൾവാർട്ട് (122) സെഞ്ച്വറി നേടി.
മാരിസാനേ കാപ്പ് 31 റൺസിൽ മടങ്ങിയപ്പോൾ 61 റൺസ് ചേർത്ത നാഡിൻ ഡി ക്ലെർക്കിന്റെ ബാറ്റിങ് ഇന്നിങ്സ് തോൽവി ഒഴിവാക്കി. 373ൽ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ അവർക്ക് 36 റൺസ് ലീഡുണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടി സ്നേഹ് റാണയും ദീപ്തി ശർമയും രാജേശ്വരി ഗെയ്ക് വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ സ്നേഹ് എട്ടുപേരെ മടക്കിയിരുന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഓപണർമാരായ ഷഫാലി വർമയും (30) ശുഭ സതീഷും (13) പുറത്താകാതെ നിന്നു. ഷഫാലിയുടെ (205) ഇരട്ട ശതകവും സ്മൃതി മന്ദാനയുടെ (149) സെഞ്ച്വറിയുമാണ് ആതിഥേയർക്ക് ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.