ട്വൻറി20 ലോകകപ്പ്: ടീം പ്രഖ്യാപനം കാത്ത് ഇന്ത്യൻ താരങ്ങൾ; സഞ്ജുവിന്റെ കാര്യം ഉറപ്പില്ല
text_fieldsന്യൂഡൽഹി: അടുത്തമാസം പകുതിയോടെ തുടങ്ങുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്തദിവസം പ്രഖ്യാപിക്കാനിരിക്കെ, ടീമിൽ ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 13 പേർ എന്തായാലും ടീമിലുണ്ടാവുമെന്ന് ഉറപ്പാണെന്നിരിക്കെ ബാക്കിയുള്ള കുറച്ച് സ്ഥാനത്തേക്ക് ആരൊക്കെ വരുമെന്നാണ് അറിയാനുള്ളത്.
മിക്ക ടീമുകളും 15 അംഗ സംഘത്തെയാണ് പ്രഖ്യാപിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 30 അംഗ ടീമിനെ വരെ തെരഞ്ഞെടുക്കാൻ ഐ.സി.സി അനുവാദം നൽകുന്നുണ്ടെന്നിരിക്കെ ഇന്ത്യ പതിനെട്ടോ ഇരുപതോ പേരടങ്ങിയ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അടുത്തദിവസം തന്നെ മുംബൈയിൽ യോഗം ചേരും. മാഞ്ചസ്റ്ററിലുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായും കോച്ച് രവി ശാസ്ത്രിയുമായും ആശയവിനിമയം നടത്തിയാവും ടീം തീരുമാനിക്കുക. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരും യോഗത്തിൽ സംബന്ധിക്കും.
വിരാട് കോഹ്ലി, രോഹിത് ശർമ, ലോേകഷ് രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ, മുഹമ്മദ് ഷമി, ശാർദുൽ ഠാകൂർ എന്നിവർ സ്ഥാനമുറപ്പിച്ചവരാണ്.
റിസർവ് ഓപണർ റോളിലേക്ക് ശിഖർ ധവാൻ, പൃഥ്വി ഷാ എന്നിവരിലൊരാൾക്കായിരിക്കും നറുക്ക് വീഴുക. ധവാനാണ് കൂടുതൽ സാധ്യത. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കാക്കാൻ ലോകേഷ് രാഹുൽ കൂടി ടീമിലുള്ളതിനാൽ റിസർവ് കീപ്പർക്ക് സ്ഥാനമുണ്ടാവുമോ എന്ന് കണ്ടറിയണം. ഉണ്ടെങ്കിൽ ഇഷാൻ കിഷനും സഞ്ജു സാംസണും രംഗത്തുണ്ടാവും. സമീപകാല പ്രകടനങ്ങളുടെ മികവിൽ കിഷനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
ജദേജക്കും ചഹലിനുമൊപ്പം മൂന്നാം സ്പിന്നറായി വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരിലൊരാൾ ഇടംപിടിക്കും. അക്സർ പട്ടേൽ, ക്രുണാൽ പാണ്ഡ്യ എന്നിവർ പുറത്താവാനാണ് സാധ്യത. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ദീപക് ചഹാർ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ്, ശാർദുൽ ഠാകൂർ എന്നിവരിലൊരാൾ ഇടംപിടിക്കും. ഇടംകൈയൻ പേസറെ പരിഗണിക്കുകയാണെങ്കിൽ ചേതൻ സർക്കാരിയ, ടി. നടരാജൻ എന്നിവരിലൊരാൾക്ക് അവസരം ലഭിച്ചേക്കും.
ടീമിൽ സ്ഥാനം ഉറപ്പുള്ളവർ (13): വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ലോേകഷ് രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ, മുഹമ്മദ് ഷമി, ശാർദുൽ ഠാകൂർ.
എക്സ്ട്ര ഓപണർ: ശിഖർ ധവാൻ/പൃഥ്വി ഷാ.
എക്സ്ട്ര സ്പിന്നർ: വരുൺ ചക്രവർത്തി/രാഹുൽ ചഹാർ.
റിസർവ് കീപ്പർ: ഇഷാൻ കിഷൻ/സഞ്ജു സാംസൺ.
എക്സ്ട്ര പേസർ: മുഹമ്മദ് സിറാജ്/ശാർദുൽ ഠാകൂർ
ഇടംകൈയൻ പേസർ: ചേതൻ സർക്കാരിയ/ ടി. നടരാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.