ഇന്ത്യയുടെ 1983 ലോകകപ്പ് ഹീറോ യശ്പാൽ ശർമ അന്തരിച്ചു
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലോകകപ്പ് ഹീറോയുമായ യശ്പാൽ ശർമ അന്തരിച്ചു. ഹൃയാഘാതം മൂലമായിരുന്നു അന്ത്യം. 66 വയസായിരുന്നു.
കപിലിന്‍റെ ചെകുത്താൻമാരുടെ ലോകകപ്പ് കിരീട നേട്ടത്തിൽ സുപ്രധാന റോൾ വഹിച്ച താരമായിരുന്നു യശ്പാൽ. 34.28 റൺസ് ശരാശരിയിൽ 240 റൺസ് അടിച്ചു കൂട്ടിയ യശ്പാൽ ഇംഗ്ലണ്ടിനെതിരായ സെമിയിൽ 60 റൺസ് നേടി ആരാധക മനസിൽ ഇടംനേടി. ഓൾഡ് ട്രാഫോഡിൽ വെച്ച് നടത്തിയ ആ ബാറ്റിങ് വിരുന്ന് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട്. 2000ത്തിന്‍റെ തുടക്കകാലത്ത് അദ്ദേഹം ദേശീയ സെലക്ടറായി സേവനമനുഷ്ടിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് പഞ്ചാബ് ക്രിക്കറ്ററെ പരിഗണിക്കുന്നത്. 1979-1983 കാലയളവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ അദ്ദേഹം 37 ടെസ്റ്റുകളിൽ നിന്നായി 1606 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 1979ൽ ഇംഗ്ലണ്ടിനെതിരായിരുന്നു അരങ്ങേറ്റം. രണ്ട് സെഞ്ച്വറിയും ഒമ്പത് അർധ സെഞ്ച്വറികളം അടങ്ങുന്നതാണ് ടെസ്റ്റ് കരിയർ. 42 ഏകദിനങ്ങൾ കളിച്ച അദ്ദേഹം 883 റൺസ് നേടി. ഇരു ഫോർമാറ്റുകളിലും ഓരോ വിക്കറ്റും സ്വന്തം പേരിലുണ്ട്.
1972ൽ പഞ്ചാബ് സ്കൂൾസിനായി ജമ്മു കശ്മീരിനെതിരെ 260 റൺസ് അടിച്ചുകൂട്ടിയാണ് യശ്പാൽ ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാന ടീമിൽ സ്ഥാനം പിടിച്ച അദ്ദേഹം വിസി ട്രോഫി നേടിയ ഉത്തരമേഖല ടീമിലും അംഗമായി. രഞ്ജി ട്രോഫിയിൽ പഞ്ചാബ്, ഹരിയാന, റെയിൽവേസ് എന്നീ ടീമുകൾക്കായി പാഡണിഞ്ഞിട്ടുണ്ട്.
ചന്ദ്രശേഖർ, ഇ. പ്രസന്ന, വെങ്കട്ട്രാഘവൻ എന്നിവർ അണിനിരന്ന ദക്ഷിണമേഖലക്കെതിരെ നേടിയ 173റൺസാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അദ്ദേഹത്തിന് മേൽവിലാസം നേടിക്കൊടുത്തത്. 160 രഞ്ജി മത്സരങ്ങളിൽ നിന്നായി 8933 റൺസ് അദ്ദേഹം സമ്പാദിച്ചു. 21 സെഞ്ച്വറികൾ അടങ്ങുന്ന രഞ്ജി കരിയറിൽ 201 നോട്ടൗട്ട് ആയിരുന്നു ഉയർന്ന സ്കോർ.
അമ്പയർ കൂടിയായ അേദഹം ഒന്ന് രണ്ട് വനിത ഏകദിനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ മുൻ താരം ഉത്തർപ്രദേശ് രഞ്ജി ടീമിന്‍റെ കോച്ചായും പ്രവർത്തിച്ചിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.