ഈ ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ മുഴച്ചു നിൽക്കുന്നത് പരാജയഭീതിയോ?
text_fieldsന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തൊല്ലിയുള്ള വിലയിരുത്തലുകളും വിവാദങ്ങളും തുടരുകയാണ്. ടീമിനെ സന്തുലിതമാക്കാൻ അപ്രതീക്ഷിതവും ധീരവുമായ തീരുമാനങ്ങൾക്ക് ധൈര്യം കാട്ടാതിരുന്ന സെലക്ഷൻ കമ്മിറ്റി വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അവിടെയും ഇവിടെയും തൊടാത്ത ഒരു ടീമിനെയാണ് ലോകകപ്പിനായി തെരഞ്ഞെടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പരിക്കിന്റെ പിടിയിലായിരുന്ന മൂന്ന് താരങ്ങൾ -കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ- എന്നിവർ ടീമിലുണ്ട്. ഇതിൽ ബുംറയും ശ്രേയസും ഏറെക്കാലം പുറത്തിരുന്നശേഷം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പിന്റെ കളത്തിൽ തിരിച്ചെത്തിയതേയുള്ളൂ. രാഹുലാകട്ടെ, പരിക്കിൽനിന്ന് പൂർണ മോചിതനായിട്ടുമില്ല. ഏകദിനത്തിൽ മികച്ച ശരാശരിയുള്ള സഞ്ജു സാംസണിനെ പുറത്തിരുത്തി പരിക്കിന്റെ പിടിയിലായ രാഹുലിനെ ധിറുതിപ്പെട്ട് ടീമിൽ ഉൾപ്പെടുത്തിയത് പല കോണുകളിൽനിന്നും ചോദ്യശരങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ട്വന്റി20 യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സൂര്യകുമാർയാദവ് ടീമിലെത്തിയതിനെ ടോം മൂഡിയും സഞ്ജയ് മഞ്ജ്രേക്കറും ഉൾപെടെ പലരും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, വളരെ സമതുലിതമായ ടീമാണിതെന്നും ഈ ടീമിൽ തനിക്കേറെ വിശ്വാസമുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ പറയുന്നു.
പരാജയ ഭീതിയാണ് ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ മുഴച്ചുനിൽക്കുന്നതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം ചൂണ്ടിക്കാട്ടുന്നു. മിച്ചൽ മാർഷിനെപ്പോലൊരു ഓൾറൗണ്ടറെ പ്രതീക്ഷിച്ചാണ് ശാർദുൽ താക്കൂറിനെയും ബൗളിങ്ങിൽ കൂടുതൽ റൺസ് വഴങ്ങാതെയും ഒപ്പം ബാറ്റിങ്ങിൽ അൽപം റണ്ണെടുത്തും ടീമിനെ തുണക്കുമെന്ന കണക്കുകൂട്ടലിലാണ് അക്സർ പട്ടേലിനെയും ടീമിലെടുത്തത്. വേഗം കുറഞ്ഞ, പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ഇന്ത്യയിലെ പിച്ചുകളിൽ നടക്കുന്ന ലോകകപ്പിൽ ഓഫ്സ്പിന്നർമാരോ വലൈങ്കയൻ സ്പിന്നർമാരോ ഇല്ലാത്ത ടീമാണ് ഇന്ത്യയുടേത്. 2011ൽ ഇന്ത്യ ജേതാക്കളാകുമ്പോൾ ഓഫ്സ്പിന്നർമാരായി ഹർഭജൻ സിങ്ങും രവിചന്ദ്രൻ അശ്വിനും ടീമിലുണ്ടായിരുന്നു. സചിൻ ടെണ്ടുൽകറും സുരേഷ് റെയ്നയും അവരെ സഹായിക്കാനും ഒപ്പമുണ്ടായിരുന്നു. 2015 ലോകകപ്പ് ടീമിലും അശ്വിനും റെയ്നയുമുണ്ടായിരുന്നു. 2019ൽ ലെഗ് സ്പിന്നറായി യൂസ്വേന്ദ്ര ചഹലും ഓഫ്സ്പിന്നറായി കേദാർ യാദവും ടീമിലെത്തി.
ഇക്കുറി ഇടൈങ്കയൻ ചൈനാമാൻ ബൗളർ കുൽദീപ് യാദവ് ആണ് സ്പെഷലിസ്റ്റ് ബൗളറായി ടീമിലുള്ളത്. ഒപ്പം രവീന്ദ്ര ജദേജയും അക്സർ പട്ടേലും. ഇരുവരും ഇടൈങ്കയൻ സ്പിന്നർമാരാണ്. ഓഫ്സ്പിന്നർമാരെ ടീമിലെടുക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ഏകദിനത്തിൽ പേസ് ബൗളർമാരാണ് കൂടുതൽ പന്തെറിയുകയെന്നും നിലവിലെ ടീം ഏറെ സമതുലിതമാണെന്നുമായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ മറുപടി.
15 അംഗ ടീമിൽ അഞ്ചു സ്പെഷലിസ്റ്റ് ബാറ്റർമാരും രണ്ടു വിക്കറ്റ് കീപ്പർ ബാറ്റർമാരുമാണുള്ളത്. ഹാർദിക്, ജദേജ എന്നീ ഓൾറൗണ്ടർമാരും അക്സർ, ശാർദുൽ എന്നീ ബൗളിങ് ഓൾറൗണ്ടർമാരും. ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നീ നാലു സ്പേഷലിസ്റ്റ് ബൗളർമാർ മാത്രമാണുള്ളത്. ബാറ്റിങ്ങിന് പ്രാമുഖ്യം നൽകിയപ്പോൾ പ്രസിദ്ധ് കൃഷ്ണക്ക് പകരം ശാർദുലും അശ്വിനും ചഹലിനും മുന്നിൽ അക്സറിനും അവസരം നൽകി.
ആത്മവിശ്വാസക്കുറവ്, പരിക്ക്, സന്തുലിതത്വത്തിന്റെ അഭാവം ഉയർത്തുന്ന ആശങ്ക എന്നിവയെല്ലാം ഈ ടീം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ചില ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പേടിയാണ് എല്ലാറ്റിനും മുന്നിലെന്നും അവർ വിശദമാക്കുന്നു. എട്ടുമുതൽ 11 വരെ സ്ഥാനങ്ങളിലിറങ്ങുന്ന ബാറ്റർമാർ 20 റണ്ണെങ്കിലും സ്കോർ ചെയ്തില്ലെങ്കിൽ എന്തു ചെയ്യും? അശ്വിനെയും ചഹലിനെയും ടീമിലെടുത്താൽ അവർക്ക് പ്രഹരമേൽക്കുകയും ബാറ്റിങ്ങിൽ അവർക്ക് റണ്ണെടുക്കാൻ കഴിയാതാവുകയും ചെയ്താൽ എന്താവും? ഇന്ത്യൻ സ്പിന്നർമാരേക്കാൾ മിടുക്കോടെ ആഡം സാംപയും റാഷിദ് ഖാനും പന്തെറിഞ്ഞാൽ കാര്യങ്ങൾ അവതാളത്തിലാവില്ലേ? ബുംറക്ക് പഴയതുപോലെ ഒഴുക്കോടെ പന്തെറിയാനാവുമോ? രണ്ടുമാസം നീളുന്ന ടൂർണമെന്റിൽ ബൗൾ ചെയ്യാനാവുന്ന ഫിറ്റ്നസ് അയാൾക്കുണ്ടോ? മധ്യനിര അവസരത്തിനൊത്തുയർന്നില്ലെങ്കിൽ എന്തുപറ്റും?...ചോദ്യങ്ങളുടെ നീണ്ട നിരയ്ക്കൊപ്പമാണ് ഈ ടീമിനെ ബി.സി.സി.ഐ അവതരിപ്പിക്കുന്നത്. താക്കൂർ ഓൾറൗണ്ടറാവുമെന്നും അക്സർ റൺ വഴങ്ങില്ലെന്നും പാഡുകെട്ടി തകർത്തടിക്കുമെന്നും കണക്കുകൂട്ടി നടത്തുന്ന നീക്കങ്ങൾ പാളിയാൽ സംഗതി കുഴപ്പമാകുമെന്ന് കളിയെഴുത്തുകാരൻ ശ്രീരാം വീര ചൂണ്ടിക്കാട്ടുന്നു.
ബൗളിങ്ങിലെ തനതു മികവിനേക്കാൾ ബൗളറുടെ ബാറ്റുചെയ്യാനുള്ള കഴിവ് ടീം സെലക്ഷനിൽ മാനദണ്ഡമായെന്നാണ് വിമർശനങ്ങളിലൊന്ന്. ‘വിക്കറ്റ് വീഴ്ത്താനുള്ള മൂർച്ചയേക്കാൾ വാലറ്റം പരമാവധി റൺസ് നേടുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. ഇന്ത്യൻ പിച്ചുകളിൽ അഗ്രസീവ് ആയ ബൗളർമാരായിരുന്നു കൂടുതൽ നല്ലത്. വാലറ്റം നന്നായി സ്കോർ ചെയ്താലും മൂർച്ചകുറഞ്ഞതും പാർട് ടൈമർമാരുമായ ബൗളർമാരെ എതിരാളികൾ അടിച്ചുപറത്തിയാൽ എല്ലാ കണക്കുകൂട്ടലും പിഴയ്ക്കും’- ട്വിറ്ററിൽ ഒരു ക്രിക്കറ്റ് പ്രേമിയുടെ കമന്റ് ഇതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.