ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു
text_fieldsമുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന യുസ്‍വേന്ദ്ര ചാഹൽ, യശസ്വി ജയ്സ്വാൾ, ആവേശ് ഖാൻ എന്നിവരാണ് രണ്ടാം സംഘത്തിലുള്ളത്. എന്നാൽ, രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഇവർക്കൊപ്പമില്ല. ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ഫീൽഡിങ് പരിശീലകൻ ടി. ദിലീപ്, രവീന്ദ്ര ജദേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ് എന്നിവരടങ്ങിയ ആദ്യ സംഘം നേരത്തെ അമേരിക്കയിലെത്തിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ, സൂപ്പർ താരം വിരാട് കോഹ്‍ലി, മലയാളി താരം സഞ്ജു സാംസൺ എന്നിവർ പിന്നീട് ടീമിനൊപ്പം ചേരും. ഐ.പി.എല്ലിന് ശേഷം ചെറിയ ഇടവേള വേണമെന്ന കോഹ്‍ലിയുടെ ആവശ്യവും ഐ.പി.എൽ ക്വാളിഫയറിന് ശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുബൈയിലേക്ക് പോകാനുള്ള സഞ്ജുവിന്‍റെ അപേക്ഷയും ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു. അതേസമയം, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വിദേശത്ത് അവധി ആഘോഷത്തിലാണ്. താരം വൈകാതെ അമേരിക്കയിലെത്തും. റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ട റിങ്കു സിങ് ഇന്ന് യാത്ര തിരിക്കും.
ജൂൺ രണ്ടു മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് യു.എസ്.എയും വെസ്റ്റിൻഡീസുമാണ് വേദിയാകുന്നത്. ലോകകപ്പിന് മുന്നോടിയായി ജൂൺ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കുന്നുണ്ട്. ജൂൺ രണ്ടിന് അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒമ്പതിനാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യു.എസിലാണ്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസർവ് താരങ്ങൾ: ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹ്മദ്, അവേശ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.