ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി 20: സഞ്ജു ടീമിന് പുറത്ത്, പകരം ഇടം പിടിച്ച് രണ്ട് വിക്കറ്റ് കീപ്പർമാർ
text_fieldsന്യൂഡൽഹി: ഇംഗ്ലണ്ടുമായുള്ള ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിന് പുറത്തായി. ടെസ്റ്റ് മത്സരങ്ങളിലെ ഉജ്ജ്വല പ്രകടനത്തോടെ ഋഷഭ് പന്ത് തിരിച്ചെത്തിയതും മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ ടീമിലുൾപ്പെട്ടതുമാണ് സഞ്ജുവിന്റെ സ്ഥാനം തെറിപ്പിച്ചത്. ഇരുവരും വിക്കറ്റ് കീപ്പർമാരാണ്.
ഐ.പി.എല്ലിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവും രാജസ്ഥാൻ റോയൽസ് ആൾറൗണ്ടർ രാഹുൽ തേവാത്തിയയും ഇന്ത്യൻ ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ് ഏറെ നാൾ കളത്തിന് പുറത്തായിരുന്ന ഭുവനേശ്വർ കുമാറും തിരിച്ചെത്തിയിട്ടുണ്ട്.
ആസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. മുഷ്താഖ് അലി ട്രോഫിയിലും സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇന്ത്യൻ ടീമിന് പുറത്തായതോടെ ഐ.പി.എല്ലിൽ തിളങ്ങി തിരിച്ചുവരാനാകും സഞ്ജുവിന്റെ ശ്രമം. അല്ലാത്ത പക്ഷം ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിലും സഞ്ജുവിന് ഇടമുണ്ടാകില്ല. പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനായാണ് സഞ്ജു കളത്തിലിറങ്ങുന്നത്.
മാർച്ച് 12 മുതലാണ് അഞ്ച് മത്സര ട്വന്‍റി 20 പരമ്പര ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിലാണ്.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ (ഉപനായകൻ), കെ.എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി, അക്സർ പേട്ടൽ, വാഷിങ്ടൺ സുന്ദർ, രാഹുൽ തേവാത്തിയ, ടി.നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, നവദീപ് സൈനി, ഷർദുൽ ഠാക്കൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.