മഴയെ തോൽപിച്ച പ്രകടന മികവ്! രണ്ടിൽ രണ്ടും ജയിച്ച് ബംഗ്ലാദേശിനെതിരെ പരമ്പര നേടി ഇന്ത്യ
text_fieldsകാൺപൂർ: മഴയും മോശം കാലാവസ്ഥയുമെല്ലാം മത്സരത്തിലെ പകുതി എടുത്തപ്പോൾ ബാക്കി പകുതി ഒരു തരത്തിലും ബംഗ്ലാദേശിന് വിട്ടുകൊടുക്കാതെ ആധികാരികമായി സ്വന്തമാക്കി ഇന്ത്യ. സമനിലയാക്കാൻ കിണഞ്ഞ് ശ്രമിച്ച മോശം കാലാവസ്ഥയേയും ഒരുപാട് ശ്രമിക്കാതിരുന്ന ബംഗ്ലാദശിനെയും നേരെ നിന്ന് വെല്ലുവിളിച്ച് 'തല്ലി' നേടിയ വിജയമാണ് ഇന്ത്യക്കിത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കാൺപൂരിൽ നടന്ന രണ്ടാം മത്സരം വിജയിച്ചത്. ബംഗ്ലദേശ് ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റ് മത്സരവും ആധികാരികമായി ജയിച്ച് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽപ്പിക്കാം എന്നുള്ള മറ്റ് ടീമുകളുടെ സ്വപ്നങ്ങൾ അപ്പോഴും അവിടെ ബാക്കിയാകുന്നു.
കഴിഞ്ഞ മാസം പാകിസ്താനെ തോൽപ്പിചതിന്‍റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബംഗ്ലാദേശിന്‍റെ കടുവകൾ ഇന്ത്യൻ മണ്ണിലെത്തുന്നത്. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ വെറ്ററൻ താരങ്ങളും യുവതാരങ്ങളായ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും കടുവകളെ കശാപ്പ് ചെയ്തുകൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. കട്ടക്ക് കട്ടയായി ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് പടയും നിന്നതോടെ ബംഗ്ലാദേശിന രക്ഷയില്ലതെയായി. 280 റൺസിന്‍റെ കൂറ്റൻ ജയം.
മനസാന്നിധ്യവും കൃത്യമായ ആസൂത്രണവും എങ്ങനെ ഒരു മത്സരത്തിന്‍റെ വിധി നിർണയിക്കുന്നു എന്നതിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് രണ്ടാം ടെസ്റ്റ് മത്സരം. ആദ്യ ദിനം 35 ഓവർ മാത്രം എറിഞ്ഞ മത്സരത്തിൽ ആദ്യ മൂന്ന് ദിനവും മഴയും മോശം കാലാവസ്തയും കളിച്ചിരുന്നു. നാലാം ദിനമാണ് ബാക്കി മത്സരം പോലും ആരംഭിക്കുന്നത്. രണ്ട് ദിനം മാത്രം ബാക്കിയിരിക്കെ മത്സരം സമനിലയിൽ കലാശിക്കുമെന്ന് പലരും വിധിയെഴുതാൻ തുടങ്ങിയിരുന്നു. എന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് വേണ്ടെന്നുള്ള മട്ടായിരുന്നു ഇന്ത്യക്ക് . ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ എറിഞ്ഞൊടിച്ച ഇന്ത്യ അവരെ 233 ന് ഓൾഔട്ടാക്കി. അപ്പോഴും മത്സരത്തിൽ ഒരു റിസൽട്ട് വിദൂര സാധ്യതയായിരുന്നു. എന്നാൽ ഇന്ത്യക്കും നായകൻ രോഹിത്തിനും മറ്റ് പ്ലാനുകളുണ്ടായിരുന്നു. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം ഓവറിൽ നേരിട്ട ആദ്യ രണ്ട് ബോളും സിക്സർ പറത്തിയ രോഹിത് ശർമ ഇന്ത്യയുടെ ഉദ്ദേശം അപ്പോൾ തന്നെ വ്യക്തമാക്കി.
പിന്നീട് ആക്രമം തുറന്നുവിട്ട രോഹിത്തും യുവതാരം യഷ്വസ്വി ജയ്സ്വാളും ബംഗ്ലാദേശിനെ കണക്കിന് പ്രഹരിച്ചു. മൂന്ന് ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 51 റൺസ്! നാലാം ഓവറിൽ രോഹത്തിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ജയ്സ്വാൾ ആക്രമം തുടരുകയായിരുന്നു ശുഭ്മൻ ഗില്ലും ഒപ്പം കൂടിയതോടെ സ്കോറിങ് വേഗത കൂടി. പിന്നീട് ഇന്ത്യൻ വിക്കറ്റുകൾ ഇടവേളകളിൽ വീണുവെങ്കിലും കുറഞ്ഞസമയം ഒരുപാട് റൺസ് നേടുക എന്നുള്ള ഇന്ത്യയുടെ പദ്ധതി എല്ലാ ബാറ്റർമാരും ഏറ്റെടുക്കുകയായിരുന്നു. 72 റൺസെടുത്ത് ജയസ്വാളും 39 റൺസുമായി ഗില്ലും പുറത്തായെങ്കിലും മധ്യനിരയിൽ വിരാടും രാഹുൽ ഇതേ ആക്രമ രീതി തുടർന്ന് ഇന്ത്യക്ക് ലീഡ് പിടിച്ചുകൊടുക്കുകയായിരുന്നു.
ഒടു ടെസ്റ്റ് മത്സരത്തിലെ ടീമിന്‍റെ അതിവേഗ 50,100,150,200 എന്നിങനെ സകല റെക്കോർഡും ഇന്ത്യ ഈ ഇന്നിങ്സിൽ സ്വന്തമാക്കി. ഒടുവിൽ 52 റൺസ് ലീഡ് നേടി 285 റൺസിൽ നീലപ്പട ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. രാഹുൽ 68 റൺസും വിരാട് 47 റൺസും നേടിയിരുന്നു. ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മത്സരം പിടിച്ചെടുക്കാനായിരുന്നു ഇന്ത്യയുടെ തന്ത്രം.
രണ്ടാം ഇന്നിങ്സിൽ സമനില മനസിൽ കണ്ടിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ 146 റൺസിൽ എറിഞ്ഞിട്ടു. ഉറച്ച മനസോടെ കളിച്ച ഇന്ത്യക്ക് മുന്നിൽ ഒരു പോയിന്‍റിൽ പോലും അപ്പർഹാൻഡ് കാട്ടാൻ കടുവകൾക്ക് സാധിച്ചില്ല. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ആർ. അശ്വിൻ രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. 26ന് രണ്ട് എന്ന നിലയിൽ നിന്നും അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിനെ ഓപ്പണിങ് ബാറ്റർ ഷദ്മൻ ഇസ്ലാമാണ് ചെറുത്ത് നിർത്തിയത്. 50 റൺസ് നേടിയ താരമാണ് ടീമിന്‍റെ ടോപ് സ്കോറർ. കൃത്യമായ വേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് എടുത്തതോടെ ബംഗ്ലാദേശിന് തിരിച്ചവരവ് അസാധ്യമായി. വാലറ്റത്തെ കൂട്ടുപിടിച്ച് വെറ്ററൻ താരം മുഷ്ഫിഖുർ റഹീമിന്‍റെ ചെറുത്ത്നിൽപ്പാണ് ബംഗ്ലദേശിനെ 140 കടത്തിയത്. 63 പന്ത് കളിച്ച് 37 റൺസാണ് റഹീം സ്വന്തമാക്കിയത്.
മത്സരത്തിൽ ജയവും തോൽവിയും അസാധ്യമെന്ന നിലയിൽ നിന്നും ഇന്ത്യ കാണിച്ച മനോധൈര്യത്തിന്‍റെയും മെന്‍റാലിറ്റിയുടെയും ബാക്കിയായിരുന്നു രോഹിത്തിനും സംഘത്തിനും മുമ്പിലുണ്ടായിരുന്ന 95 റൺസിന്‍റെ വിജയലക്ഷ്യം.
. ഓപ്പണിങ്ങിൽ ജയ്സ്വാൾ 45 പന്തിൽ 51 റൺസ് നേടി രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ ഉയർന്ന റൺനേട്ടക്കാരനായി. വിരാട് കോഹ്ലി പുറത്താകാതെ 29 റൺസ് സ്വന്തമാക്കി. നായകൻ രോഹിത് ശർമ (8) ശുഭ്മൻ ഗിൽ (6) ജയ്സ്വാൾ എന്നിവരാണ് പുറത്തായ ബാറ്റർമാർ. നാല് റൺസുമായ ഋഷഭ് പന്ത് പുറത്താകാതെ നിന്നു.
രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് കാഴ്ചവെച്ച ജയ്സ്വാൾ കളിയിലെ താരമായപ്പോൾ രണ്ട് മത്സരത്തിലുമായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികവ് കാട്ടിയ ആർ. അശ്വിൻ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.