ഏകദിന ലോകകപ്പിനുള്ള ടീമായി; സഞ്ജു സാംസൺ പുറത്ത് -റിപ്പോർട്ട്
text_fieldsമുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടർമാർ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി സെലക്ഷൻ കമ്മിറ്റി നൽകിയ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുന്നില്ലെന്ന് 'ദ ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പരിക്കിൽ നിന്ന് മുക്തനായ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി.
ഇന്നലെ രാത്രി ശ്രീലങ്കയിലെത്തിയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ക്യാപ്റ്റൻ രോഹിത് ശർമയെയും കോച്ച് രാഹുൽ ദ്രാവിഡിനെയും കണ്ടാണ് അന്തിമ പട്ടിക തീരുമാനിച്ചത്. ഏഷ്യാകപ്പിൽ ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
സഞ്ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി ശ്രീലങ്കയിലുള്ള താരങ്ങളിൽ തിലക് വർമ, പ്രസീദ് കൃഷ്ണ എന്നിവരും ലോകകപ്പ് ടീമിൽ നിന്ന് പുറത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏഷ്യ കപ്പിൽ ബാക്ക്-അപ് പ്ലെയറായിട്ടാണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ബാറ്റിങ് നിരയിൽ ഇടംനേടി. ഹാർദിക് പട്ടേൽ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശർദുൽ താക്കൂർ എന്നിവരാണ് ഓൾറൗണ്ടർമാരായുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ബൗളിങ് നിരയെ നയിക്കും.
സെപ്റ്റംബർ അഞ്ചിന് മുമ്പ് അന്തിമ ടീം പട്ടിക ബി.സി.സി.ഐ ഐ.സി.സിക്ക് നൽകണമായിരുന്നു. സെപ്റ്റംബർ നാലിന് സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഈ യോഗത്തിന് പിന്നാലെയുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.