ബുംറ ബാറ്റിങ്ങിനിറങ്ങും, പന്തെറിയുന്ന കാര്യം തീരുമാനമായില്ല; ഇന്ത്യന്‍ ക്യാമ്പിൽ ആശങ്ക
text_fieldsസിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ബാറ്റിങ് തകർച്ചയുടെ വക്കിലാണ് ടീം ഇന്ത്യ. ഇതിനിടെ നായകന്‍ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതും ഇന്ത്യന്‍ ക്യാമ്പിൽ ആശങ്കയാകുന്നുണ്ട്. പരിക്കേറ്റ താരം മത്സരം പൂര്‍ത്തിയാക്കാതെയാണ് കളം വിട്ടത്. ശേഷിക്കുന്ന ദിവസങ്ങളിൽ ആസ്ട്രേലിയൻ ബാറ്റിങ് നിരയെ പ്രതിരോധിക്കാൻ ബുംറ തിരിച്ചെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. രണ്ടാമിന്നിങ്‌സില്‍ ബുംറക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പന്തെറിയാനാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
സ്‌കാനിങ്ങിന് വിധേയനായ ബുംറ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. താരം ബാളിങ്ങിന് ഇറങ്ങണോ എന്ന കാര്യത്തിൽ ഞായറാഴ്ച രാവിലെയാകും തീരുമാനമെടുക്കുക. ശനിയാഴ്ച രണ്ടാം സെഷനിടെ ഗ്രൗണ്ടിൽനിന്ന് കയറിയ താരം, തൊട്ടുപിന്നാലെ മെഡിക്കൽ സംഘത്തിനൊപ്പം കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ബുംറക്കു പകരം അഭിമന്യു ഈശ്വരനാണ് ഫീൽഡിങ്ങിനിറങ്ങിയത്. ഗ്രൗണ്ട് വിടുന്നതിനു മുമ്പ് ബുംറ കോഹ്ലിയുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രോഹിത് ശർമ സ്വയം മാറിനിന്നതോടെ സിഡ്നിയിൽ ബുംറയാണ് ടീമിനെ നയിക്കുന്നത്. മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ ബുംറ ഒരു മെയ്ഡനടക്കം 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടാംദിനം ലഞ്ചിനുശേഷം ഒരോവർ മാത്രമാണ് താരം പന്തെറിഞ്ഞത്. ഇതിനു പിന്നാലെയാണ് താരത്തെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റിയത്. ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്ലിയാണ് അവസാന ഘട്ടങ്ങളിൽ ഇന്ത്യയെ നയിച്ചത്.
ഇനിയും മൂന്നുദിവസം ബാക്കി നിൽക്കെ, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാം ഇന്നിങ്സിൽ ബുംറക്ക് പന്തെറിയാനായില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. പരമ്പര നിലനിർത്താനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താനും ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ 141 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി. 145 റൺസിന്‍റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് അതിവേഗ അർധ സെഞ്ച്വറി കുറിച്ചശേഷമാണ് മടങ്ങിയത്. ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ താരം 29 പന്തിലാണ് അമ്പതിലെത്തിയത്.
ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് സിഡ്നി ഗ്രൗണ്ടിൽ പന്ത് കുറിച്ചത്. അതേസമയം, ആസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരം നേടുന്ന അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടവും പന്ത് സ്വന്തം പേരിലാക്കി. യശസ്വി ജയ്സ്വാൾ (35 പന്തിൽ 22), കെ.എൽ. രാഹുൽ (20 പന്തിൽ 13), ശുഭ്മൻ ഗിൽ (15 പന്തിൽ 13) വിരാട് കോഹ്ലി (12 പന്തിൽ ആറ്), നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ നാല്) എന്നിവരാണ് പുറത്തായ താരങ്ങൾ. എട്ടു റൺസുമായി രവീന്ദ്ര ജദേജയും ആറു റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് നാലു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.