ഇന്ത്യൻ ടീമിനെ വേട്ടയാടി പരിക്കുകൾ; ജദേജക്ക് പിന്നാലെ ബുംറയും പുറത്ത്
text_fieldsസിഡ്നി: ആസ്ട്രേലിയക്കെതിരായ നിർണായകമായ നാലാം ടെസ്റ്റിന് ഒരുങ്ങുന്നതിനിടെ ഇന്ത്യക്ക് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു. ആൾറൗണ്ടർ രവീന്ദ്ര ജദേജ, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് പരിക്കിനെ തുടർന്ന് പുറത്തായത്.
ബുംറക്ക് വയറുവേദനയാണ് വിനയായതെങ്കിൽ ഇടത് തള്ളവിരലിനേറ്റ പരിക്കാണ് ജദേജയെ ചതിച്ചത്. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിടെയാണ് ജദേജക്ക് പരിക്കേറ്റത്. തുടർന്ന് രണ്ടാം ഇന്നിങ്സിൽ താരം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ജദേജയുടെ ശസ്ത്രക്രിയ ചൊവ്വാഴ്ച നടന്നു. ഇനി അദ്ദേഹം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങും.
മൂന്നാം ടെസ്റ്റിൽ പലപ്പോഴും വയറുവേദനയെ തുടർന്ന് ബുംറ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ താരം സ്വന്തമാക്കിയെങ്കിലും താരം പൂർണ ഫിറ്റായിരുന്നില്ല. മത്സരശേഷം നടത്തിയ സ്കാനിങ്ങിന്റെ റിപ്പോർട്ട് ലഭിച്ചതോടെയാണ് ബുംറയെ ടീമിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അദ്ദേഹം ടീമിലെത്തുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.
നേരത്തെ കെ.എൽ. രാഹുൽ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായിരുന്നു. കൂടാതെ കഴിഞ്ഞദിവസം ആസ്ട്രേലിയൻ ബൗളർമാർക്ക് മുന്നിൽ വൻമതിൽ കെട്ടിയ ഹനുമ വിഹാരിയും അശ്വിനും പരിക്കിന്‍റെ പിടിയിലാണ്.
ജനുവരി 15നാണ് ബ്രിസ്ബേനിൽ അവസാന ടെസ്റ്റ് ആരംഭിക്കുക. ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചതിനാൽ നാലാം ടെസ്റ്റ് ഏറെ നിർണായകമാണ്.
ബുംറ ടീമിൽനിന്ന് പുറത്തായതോടെ മുഹമ്മദ് സിറാജ് ആയിരിക്കും ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകുക. കൂടാതെ നവദീപ് സൈനി, ഷാർദുൽ താക്കൂർ, ടി. നടരാജൻ എന്നിവരും ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഈ നാലുപേർക്കും അന്താരാഷ്ട്ര ടെസ്റ്റ് പരിചയം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടീമിൽ ഉൾപ്പെടുകയാണെങ്കിൽ നടരാജന്‍റെ ടെസ്റ്റ് അരങ്ങേറ്റമാകും ബ്രിസ്ബേനിൽ. സിറാജ് രണ്ട് ടെസ്റ്റുകളാണ് കളിച്ചതെങ്കിൽ മറ്റു രണ്ടുപേർ ഒരു മത്സരത്തിൽ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.