‘ഇത് അനീതി’, ‘ദയവായി വിശദീകരിക്കൂ...’; സർഫറാസ് ഖാനെ കളിപ്പിക്കാത്തതിൽ പൊട്ടിത്തെറിച്ച് ആരാധകർ
text_fieldsവിശാഖപട്ടണം: ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര ട്രാക്ക് റെക്കോഡുള്ള മഹാരാഷ്ട്രയുടെ സർഫറാസ് ഖാൻ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ ഇനിയും കാത്തിരിക്കണം. പരിക്കേറ്റ് പുറത്തായ കെ.എൽ. രാഹുലിനു പകരം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ രജത് പാട്ടീദാറാണ് കളിക്കുന്നത്.
പാട്ടീദാറിന്‍റെ അരങ്ങേറ്റ മത്സരമാണിത്. സർഫറാസ് പ്ലെയിങ് ഇലവനിൽ ഇടംനേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, അപ്രതീക്ഷിതമായാണ് പാട്ടീദാറിനെ അവസാന പതിനൊന്നിൽ ഉൾപ്പെടുത്തിയത്. ഓൾ റൗണ്ടർ ജദേദക്കു പകരം കുൽദീപ് യാദവും ടീമിലിടം നേടി. മൂന്നാം ടെസ്റ്റിൽ സൂപ്പർബാറ്റർ വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവർ ടീമിലെത്തിയേക്കും. ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
ബാക്കി ടെസ്റ്റുകൾക്കുള്ള ടീമിനെ ബി.സി.സി.ഐ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെങ്കിലും സർഫറാസിന് ടീമിൽ ഇടംലഭിക്കാനുള്ള സാധ്യത കുറവാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 26കാരനായ മഹാരാഷ്ട്ര താരം സർഫറാസിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുമ്പോഴും താരത്തെ ടീമിലെടുക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സർഫറാസ് ഖാനോട് അനീതി കാട്ടിയെന്നാണ് എക്സിൽ ഒരു ആരാധകൻ പ്രതികരിച്ചത്.
‘അവിശ്വസനീയം, ദയവായി കാരണം വിശദീകരിക്കൂ’ എന്ന് മറ്റൊരു ആരാധകൻ കുറിച്ചു. ഏറെ സങ്കടകരം എന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽനിന്ന് 69.85 ശരാശരിയിൽ 14 സെഞ്ച്വറിയും 11 അർധ സെഞ്ച്വറികളും ഉൾപ്പെടെ 3912 റൺസാണ് സർഫറാസ് നേടിയത്. 301 റൺസാണ് ഉയർന്ന സ്കോർ. ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിനായി സർഫറാസ് 160 പന്തിൽ 161 റൺസ് നേടിയിരുന്നു. അണ്ടർ 19 ലോകകപ്പിൽ താരത്തിന്‍റെ സഹോദരൻ മുഷീർ ഖാനും ഗംഭീര പ്രകടനമാണ് നടത്തുന്നത്.
നാലു മത്സരങ്ങളിൽനിന്ന് രണ്ടു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടെ 325 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ്. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 65 റൺസെടുത്തിട്ടുണ്ട്. 14 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ശുഐബ് ബഷീറിനാണ് വിക്കറ്റ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, രജത് പാട്ടീദാർ, കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ.
ടീം ഇംഗ്ലണ്ട്: ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രാളി, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്‌സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്‌സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.