ഇനി ക്രിക്കറ്റ് ആരവം; ഐ.പി.എൽ 17ാം സീസണിന് ഇന്ന് തുടക്കം
text_fieldsചെന്നൈ: ലോകത്ത് ഏറ്റവുമധികം ആരാധകരും കാണികളും പ്രേക്ഷകരുമുള്ള ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം എഡിഷന് വെള്ളിയാഴ്ച തുടക്കമാവുന്നു. അന്താരാഷ്ട്രതലത്തിലെ മുൻനിര ബാറ്റർമാരും ബൗളർമാരും ഓൾറൗണ്ടർമാരും ഇന്നു മുതൽ 10 ടീമുകളുടെ ജഴ്സിയിൽ അണിനിരക്കുമ്പോൾ കുട്ടിക്രിക്കറ്റായ ട്വന്റി20യുടെ ആകാംക്ഷയും ആവേശവും അപ്രവചനീയതയും വരുംനാളുകളിൽ ഇന്ത്യയിലെ 12 കളി മൈതാനങ്ങളെ ഹരംകൊള്ളിക്കും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ചെന്നൈ സൂപ്പർ കിങ്സ് അയൽക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് വരെയുള്ള ഫിക്സ്ചർ മാത്രമാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.
കിരീട ഫേവറിറ്റുകൾ
18 വയസ്സുള്ള താരങ്ങൾ മുതൽ 42കാരൻ മഹേന്ദ്ര സിങ് ധോണി വരെ മാറ്റുരക്കുന്ന ഐ.പി.എല്ലിൽ ഏറ്റവുമധികം കിരീടം നേടിയത് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമാണ്, അഞ്ചു തവണ വീതം. ഇക്കുറിയും ഫേവറിറ്റുകളാണ് ചെന്നൈയും ഹാർദിക് പാണ്ഡ്യക്കു കീഴിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസും. 16 സീസണുകളും കളിച്ചിട്ടും ഒരു തവണപോലും ചാമ്പ്യന്മാരാവാൻ ഭാഗ്യമില്ലാതെ പോയവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി കാപിറ്റൽസും പഞ്ചാബ് കിങ്സും.
ഉദ്ഘാടനം കേമമാവും
ഉദ്ഘാടനം കൊഴുപ്പിക്കാൻ വൻ താരനിരയെത്തും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും ഗായകനും സംഗീതസംവിധായകനുമായ എ.ആർ. റഹ്മാനും ഗായകൻ സോനു നിഗവുമെല്ലാം പാട്ടും മറ്റു കലാപ്രകടനങ്ങളുമായി വേദിയുണർത്തും. 6.30നാണ് ചടങ്ങുകൾ തുടങ്ങുക.
ആഡം സാംപ പിന്മാറി
ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ ആസ്ട്രേലിയൻ ലെഗ് സ്പിന്നർ ആഡം സാംപയും ഐ.പി.എല്ലിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. പരിക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണ നേരത്തേ ടീമിൽനിന്ന് പുറത്തായിരുന്നു. സാംപകൂടി പിന്മാറുന്നത് രാജസ്ഥാൻ ബൗളിങ് നിരക്ക് ക്ഷീണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.