ഐ.പി.എൽ: ഹൈദരാബാദിനെതിരെ ചെന്നൈക്ക് ജയിക്കാൻ 165
text_fieldsദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.
അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന കൗമാര താരം പ്രിയം ഗാർഗ് (26 പന്തിൽ 51), അഭിഷേക് ശർമ (31), മനീഷ് പാണ്ഡേ (29), നായകൻ ഡേവിഡ് വാർണർ (29) എന്നിവരാണ് ഓറഞ്ച് പടക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്.
ചെന്നൈക്കായി ദീപക് ചഹർ രണ്ടുവിക്കറ്റ് വീഴ്ത്തി. ശർദുൽ ഠാക്കൂറും പിയൂഷ് ചൗളയും ഓരോ വിക്കറ്റെടുത്തു. ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരമായി ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി (194) മാറി. ചെന്നൈയുടെ തന്നെ സുരഷ് റെയ്നയെയാണ് (193) മറികടന്നത്.
ആദ്യ ഓവറിൽ തന്നെ ജോണി ബെയർസ്റ്റോയെ പൂജ്യത്തിന് മടക്കി ചഹർ ചെന്നൈക്ക് മികച്ച തുടക്കം നൽകി. വാർണറും പാണ്ഡേയും ചേർന്ന് പവർപ്ലേ അവസാനിക്കുേമ്പാൾ ടീം സ്കോർ 42ലെത്തിച്ചു. എന്നാൽ സ്കോർബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തതിന് പിന്നാലെ പാണ്ഡേ ഠാക്കൂറിന് മുന്നിൽ വീണു.
സ്കോർ മൂന്നിന് 69 എന്ന നിലയിൽ എത്തി നിൽക്കേ ലോങ്ഓൺ ബൗണ്ടറിക്കരികെ ഫാഫ് ഡുപ്ലെസിസിന് പിടിനൽകി വാർണർ കൂടി മടങ്ങിയതോടെ ഹൈദരാബാദ് സമ്മർദത്തിലായി. കെയ്ൻ വില്യംസണിനും (9) അധികം സമയം പിടിച്ചു നിൽക്കാനായില്ല. റണ്ണൗട്ടായാണ് കിവീസ് നായകൻ മടങ്ങിയത്.
ശേഷം ഗാർഗും ശർമയും കൂടി ചേർന്നെടുത്ത 77 റൺസാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 17ാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസാണ് അടിച്ചുകൂട്ടിയത്. 26 പന്തിൽ നിന്നും 51 റണസുമായി 19കാരനായ ഉത്തർപ്രദേശുകാരൻ കന്നി ഐ.പി.എൽ അർധ സെഞ്ച്വറി തികച്ചു. ആറ് ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
സൺറൈസേഴ്സ് അവസാന കളിയിലെ ഇലവനെ മാറ്റമില്ലാതെ കളത്തിലിറക്കിയപ്പോൾ ചെന്നൈ മൂന്ന് മാറ്റങ്ങൾ വരുത്തി. അമ്പാട്ടി രായുഡു, ഡ്വൈൻ ബ്രാവേ, ശർദുൽ ഠാക്കൂർ എന്നിവർ ടീമിൽ മടങ്ങിയെത്തിയപ്പോൾ റുതുരാജ് ഗെയ്ക്വാദ്, മുരളി വിജയ്, ജോഷ് ഹെയ്സൽവുഡ് എന്നിവർക്ക് സ്ഥാനം നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.