ഹൈദരാബാദിനെതിരെ 34 റൺസ് ജയം; മുംബൈ ഇന്ത്യൻസ് തലപ്പത്ത്
text_fieldsഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് മിന്നും ജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 34 റൺസിനാണ് മുംബൈ തോൽപിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ക്വിൻറൺ ഡികോക്ക് (39 പന്തിൽ 67), ഇഷാൻ കിഷൻ (23 പന്തിൽ 31), ഹർദിക് പാണ്ഡ്യ (19 പന്തിൽ 28), കീറൺ പൊള്ളാർഡ് (13 പന്തിൽ 25), ക്രുണാൽ പാണ്ഡ്യ (4 പന്തിൽ 20) എന്നിവരുടെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു.
ഹൈദരാബാദിന് മറുപടി ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനാണ് സാധിച്ചത്. ഡേവിഡ് വാർണർ (44 പന്തിൽ 60), മനീഷ് പാണ്ഡേ (19 പന്തിൽ 30), ജോണി ബെയർസ്റ്റോ (25) എന്നീ മുന്നേറ്റനിരക്കാർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഹൈദരാബാദിെൻറ മധ്യനിരക്ക് കഴിഞ്ഞില്ല.
ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയൻറുമായി മുംബൈ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. നാല് പോയൻറുമായി ഹൈദരാബാദ് ആറാമതാണ്. ഷാർജ മൈതാനത്ത് എതിർ ടീമിനെ 200 റൺസിൽ തഴെ ഒതുക്കിയ ആദ്യ ടീമായി മുംബൈ മാറി.
സ്കോർ: മുംബൈ 208/5 ഹൈദരാബാദ് 174/7
നടുവൊടിച്ച് മധ്യനിര
കൂറ്റൻവിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് ആശിച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. ആദ്യത്തെ മൂന്നോവറിൽ 30 റൺസ് സ്കോർബോർഡിലേക്ക് ഒഴുകി. രണ്ട് ബൗണ്ടറിയും സിക്സറും പറത്തി മുന്നേറുകയായിരുന്ന ജോണി ബെയർസ്റ്റോയെ ഹർദികിെൻറ കൈകളിലെത്തിച്ച് ട്രെൻറ് ബൗൾട്ട് മുംബൈക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ വാർണറും പാണ്ഡേയും ചേർന്ന് 60 റൺസ് ചേർത്തു. പാണ്ഡേയെ പുറത്താക്കി പാറ്റിൻസൺ കൂട്ടുകെട്ട് പറിച്ചു.
നാലാമനായി ഇറങ്ങിയ വില്യംസൺ (3) കിവീസ് ടീമിലെ സഹതാരം ബൗൾട്ടിെൻറ വേഗംകുറഞ്ഞ ബൗൺസറിൽ കീപ്പർക്ക് ക്യാച് നൽകി മടങ്ങി. അർധസെഞ്ച്വറിയുമായി വാർണർ ഒരു വശത്ത് കരുത്തോടെ നിലയുറപ്പിച്ചതിനാൽ ഹൈദരാബാദ് ജയപ്രതീക്ഷയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ യുവതാരം പ്രിയം ഗാർഗ് (8) ക്രുണാലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
അവസാന അഞ്ചോവറിൽ 70 റൺസായിരുന്നു വിജയലക്ഷ്യം. 16ാം ഓവറിൽ വാർണറെ പാറ്റിൻസണിെൻറ പന്തിൽ മികച്ച ക്യാചിലൂടെ കിഷൻ പുറത്താക്കിയതോടെ മത്സരം മുംബൈ വരുതിയിലാക്കി.
ഡെത്ത് ഓവറിൽ മുംബെ ബൗളർമാർ വരിഞ്ഞു മുറുക്കിയതോടെ പിന്നീട് വന്ന അബ്ദുൽ സമദിനും (9 പന്തിൽ 20) അഭിഷേക് ശർമക്കും (10) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇരുവരെയും ജസ്പ്രീത് ബൂംറയാണ് ഔട്ടാക്കിയത്. മുംബൈക്കായി ബൗൾട്ട്, പാറ്റിൻസൺ, ബൂംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഷാർജയിൽ സ്കോർ 200 കടന്നത് തുടർച്ചയായി ഏഴാം തവണ
തുടർച്ചയായി ഏഴാം തവണയാണ് ഷാർജയിൽ സ്കോർ 200 കടക്കുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ ടീം മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്. ഭുവനേശ്വർ കുമാറിനും ഖലീൽ അഹമദിനും പകരം സന്ദീപ് ശർമയും സിദ്ധാർഥ് കൗളും സൺറൈസേഴ്സ് നിരയിലെത്തി. ഒന്നാം ഓവറിൽ മത്സരത്തിലെ ആദ്യ സിക്സർ പറത്തിയ രോഹിത്ത് അഞ്ചാം പന്തിൽ പുറത്തായി. സന്ദീപ് ശർമക്കായിരുന്നു വിക്കറ്റ്.
പവർപ്ലേ അവസാനിക്കുേമ്പാൾ മുംബൈ രണ്ടിന് 48 റൺസെന്ന നിലയിലായിരുന്നു. 27 റൺസെടുത്ത സൂര്യകുമാർ യാദവാണ് രണ്ടാമനായി പുറത്തായത്. ശേഷം ഇഷാൻ കിഷനെ കൂട്ടുപിടിച്ച് ഡികോക്ക് മുംബൈയെ മുന്നോട്ട് നയിച്ചു. 10 ഓവർ പിന്നിട്ടപ്പോൾ സ്കോർ 90ലെത്തി.
ഇതിനിടെ ഡികോക്ക് സീസണിലെ ആദ്യ അർധശതകം സ്വന്തമാക്കി. 39 പന്തിൽ നാല് വീതം സിക്സും ബൗണ്ടറിയും സഹിതം 67 റൺസെടുത്ത ഡികോക്കിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടി റാശിദ് ഖാൻ മടക്കി അയച്ചു.
നാല് ഓവർ എറിഞ്ഞ റാശിദ് 22 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ഇതിനിടെ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ രണ്ടോവർ എറിഞ്ഞു. 24 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരും ചേർന്നാണ് സ്കോർ 200 കടത്തിയത്. അവസാന ഓവറിൽ രണ്ട് വീതം സിക്സും ഫോറും പറത്തി ക്രുണാൽ കാണികളെ ത്രസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.