ആരു പുറത്താകും... ബാംഗ്ലൂരോ അതോ കൊൽക്കത്തയോ?
text_fieldsഷാർജ: വമ്പൻ കളിക്കാരെ അണിനിരത്തിയിട്ടും നമ്പർ വൺ താരം നായകനായിട്ടും ഇതുവരെ ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യമില്ലാതെപോയ ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രണ്ടു തവണ കപ്പ് നേടിയ അനുഭവമുണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്. ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് 7.30ന് ഐ.പി.എൽ 14ാം സീസണിെൻറ എലിമിനേറ്ററിൽ ബാംഗ്ലൂരും കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ ആരുടെ കണ്ണാവും നിറയുക? വിരാട് കോഹ്ലിയോ ഇയോൺ മോർഗനോ? ഗ്രൂപ്പിലെ അവസാന മത്സരംവരെ തുലാസ്സിൽ നീണ്ട ആശങ്കകൾെക്കാടുവിലാണ് കൊൽക്കത്ത പ്ലേഓഫ് കടന്നതെങ്കിൽ പോയൻറ് പട്ടികയിൽ മൂന്നാമതായി കടുത്ത ആശങ്കകൾ ഇല്ലാതെയാണ് ബാംഗ്ലൂർ പ്ലേഓഫിലെത്തിയത്.
തലവര തിരുത്തുമോ?
ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി... ഇവർ മൂന്നും ചേർന്നാൽതന്നെ ഒരു ടീമാകും... ഏതു വമ്പൻ ടീമിനെയും പിളർത്താൻപോന്ന ശേഷിയുണ്ടായിട്ടും ഇതുവരെ ഐ.പി.എല്ലിൽ കിരീടം നെഞ്ചോടണയ്ക്കാൻ ബാംഗ്ലൂരിനായിട്ടില്ല. ആ ദൗർഭാഗ്യം ഇക്കുറിയെങ്കിലും മറികടന്നില്ലെങ്കിൽ അത് ചോദ്യംചെയ്യുക കോഹ്ലിയുടെ നായകത്വത്തെതന്നെയായിരിക്കും. കിരീടം നേടിയില്ലെങ്കിലും മൂന്നുതവണ ഫൈനൽ പോരാട്ടത്തിൽ ബാംഗ്ലൂർ ഉണ്ടായിരുന്നു. 2009, 11, 16 എന്നീ വർഷങ്ങളിൽ ബാംഗ്ലൂർ ആയിരുന്നു റണ്ണേഴ്സ്.
പഴയ ഫോമിലല്ലെങ്കിലും കോഹ്ലി സ്കോർ ചെയ്യുന്നു എന്നതാണ് ബാംഗ്ലൂരിന് ആശ്വാസം. മലയാളി താരം ദേവ്ദത്ത് പടിക്കലിെൻറ ബാറ്റിൽനിന്നാണ് ബാംഗ്ലൂരിെൻറ റണ്ണ് പ്രധാനമായും പ്രവഹിക്കുന്നത്. ബൗളിങ്ങിൽ മുൻതൂക്കം ബാംഗ്ലൂരിനാണ്.
വീണ്ടും കിരീടം?
2012ലും 14ലും ഗൗതം ഗംഭീറിെൻറ നായകത്വത്തിലാണ് കൊൽക്കത്ത കിരീടം ചൂടിയത്. വീണ്ടുമൊരു കിരീടത്തിനായിറങ്ങുമ്പോൾ ക്യാപ്റ്റൻ മോർഗെൻറ ഫോമില്ലായ്മയാണ് കൊൽക്കത്തയെ അലട്ടുന്നത്. ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ഐ.പി.എല്ലിൽ ഇതുവരെ 28 മത്സരങ്ങളാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതിൽ 15 തവണ ജയം കൊൽക്കത്തക്കൊപ്പമായിരുന്നു. 13 തവണ ബാംഗ്ലൂരിനായിരുന്നു ജയം. ഇത്തവണ ആദ്യ മത്സരം 38 റൺസിന് ബാംഗ്ലൂർ ജയിച്ചപ്പോൾ രണ്ടാമത്തെ മത്സരം ഒമ്പതു വിക്കറ്റിന് കൊൽക്കത്ത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.