ഡുെപ്ലസി, ഉത്തപ്പ, അലി, റിഥുരാജ്..; ബാറ്റെടുത്തവരെല്ലാം ആളിക്കത്തി, ചെന്നൈക്ക് കൂറ്റൻ സ്കോർ
text_fieldsദുബൈ: ഫാഫ് ഡുെപ്ലസി (59 പന്തിൽ 86), മുഈൻ അലി (20 പന്തിൽ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31), റിഥുരാജ് ഗെയ്ക്വാദ് (27 പന്തിൽ 32).. കലാശപ്പോരിൽ തനിസ്വരൂപം വീണ്ടെടുത്ത് ചെന്നൈ ബാറ്റ്സ്മാൻമാർ ആളിക്കത്തിയതോടെ കൊൽക്കത്തക്ക് മുന്നിൽ കൂറ്റൻ സ്കോർ. ടോസ് നേടി തങ്ങളെ ബാറ്റിങ്ങിനയച്ച കൊൽക്കത്ത നായകൻ ഇയാൻ മോർഗന്‍റെ തീരുമാനം തെറ്റാണെന്ന് മത്സരത്തിന്‍റെ ആദ്യം മുതൽ തെളിയിച്ച ചെന്നൈ മൂന്നുവിക്കറ്റിന് 192 റൺസ് എന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഉജ്ജ്വലഫോമിലുളള റിഥുരാജ് ഗെയ്ക്വാദും ഫാഫ് ഡുെപ്ലസിസും ഗംഭീരമായാണ് തുടങ്ങിയത്. മോശം പന്തുകളെ തെരഞ്ഞെടുത്ത് പ്രഹരിച്ചു തുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റിൽ 61 റൺസ് ചേർത്തു. 27 പന്തിൽ 32 റൺസെടുത്ത റിഥുരാജ് 635 റൺസുമായി ടൂർണമെന്‍റ് ടോപ്സ്കോററായാണ് കളം വിട്ടത്. മറുവശത്ത് ഉറച്ചുനിന്ന കളിച്ച ഡുെപ്ലസിക്ക് കൂട്ടായി റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ സ്കോർ ബോർഡ് കുതിച്ചുപാഞ്ഞു തുടങ്ങി. 15 പന്തിൽ 31 റൺസുമായി അടിച്ചുതകർത്ത റോബിൻ ഉത്തപ്പ സുനിൽ നരൈന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
ഉത്തപ്പ് ശേഷം ക്രീസിലെത്തിയ മുഈൻ അലി തന്‍റെ ദൗത്യം വൃത്തിയായി ചെയ്തു. മൂന്നുസിക്സറുകളും രണ്ട്ബൗണ്ടറിയുമടക്കം 20 പന്തിൽ 37 റൺസെടുത്ത അലിയാണ് അവസാന ഓവറുകളിൽ ചെന്നൈയുടെ സ്കോർനിരക്കിന് വേഗത നൽകിയത്. ഒരു വേള സെഞ്ച്വറിയിലേക്കും ടൂർണമെന്‍റ് ടോപ് സ്കോററിലേക്കുമെത്ത് തോന്നിച്ചെങ്കിലും ശിവം മാവി എറിഞ്ഞ അവസാന ഓവറിൽ ഡുെപ്ലസിക്ക് ആഞ്ഞടിക്കാൻ കഴിയാത്തത് വിനയായി. 633 റൺസുമായി ടൂർണമെന്‍റ് ടോപ്സ്കോറർ പദവിക്ക് രണ്ടുറൺസകലെ ഡുെപ്ലസി പുറത്താകുകയായിരുന്നു.
കൊൽക്കത്തക്കായി പന്തെടുത്തവരിൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത സുനിൽ നരൈനാണ് മികച്ചുനിന്നത്. ലോക്കി ഫെർഗൂസൺ നാലോവറിൽ 56ഉം വരുൺ ചക്രവർത്തി 38ഉം വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.