ഐ.പി.എൽ: നാലിലൊന്നാവാൻ നാൽവർ പോരാട്ടം
text_fieldsദുബൈ: ഐ.പി.എൽ 14ാം സീസൺ അവസാനത്തോടടുക്കവെ പ്ലേഓഫ് പോരാട്ടം നോക്കൗട്ട് പഞ്ചിലേക്ക്. മൂന്നു ടീമുകൾ പ്ലേഓഫ് ഉറപ്പാക്കിയതോടെ ശേഷിക്കുന്ന ഏക സ്ഥാനത്തിനായി നാലു സംഘങ്ങളാണ് രംഗത്തുള്ളത്.
ചെന്നൈ സൂപ്പർ കിങ്സ് (18), ഡൽഹി കാപിറ്റൽസ് (18), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (16) ടീമുകളാണ് പ്ലേഓഫ് ഉറപ്പാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (12), പഞ്ചാബ് കിങ്സ് (10), രാജസ്ഥാൻ റോയൽസ് (10), മുംബൈ ഇന്ത്യൻസ് (10) ടീമുകളാണ് അവസാന പ്ലേഓഫ് സ്ഥാനത്തിനായി രംഗത്തുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദ് (4) പുറത്തായിക്കഴിഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കളി: 13,
പോയൻറ്: 12,
റൺറേറ്റ്: 0.294,
ശേഷിക്കുന്ന മത്സരം: രാജസ്ഥാൻ റോയൽസ്
നാലു ടീമുകളിൽ പ്ലേഓഫ് സാധ്യത ഏറ്റവും കൂടുതലുള്ള സംഘവും മറ്റു ടീമുകളുടെ മത്സരഫലത്തെ ബാധിക്കാതെ മുന്നോട്ടുപോവാൻ കഴിയുന്ന ടീമുമാണ് കൊൽക്കത്ത. 0.294 എന്ന മികച്ച റൺറേറ്റാണ് അവരുടെ പ്ലസ് പോയൻറ്. ശേഷിക്കുന്ന ഏക കളിയിൽ രാജസ്ഥാനെ തോൽപിച്ചാൽ അവർക്ക് റൺറേറ്റിെൻറ മികവിൽ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ മുന്നോട്ടുപോകാൻ കഴിയും. മറിച്ച്, രാജസ്ഥാനോട് തോൽക്കുകയാണെങ്കിൽ മുംബൈയും രാജസ്ഥാനും 12 പോയൻറിനപ്പുറം കടക്കില്ലെന്ന് ഉറപ്പാക്കേണ്ടിവരും. അതിന് മുംബൈ രാജസ്ഥാനെ തോൽപിക്കുകയും ഹൈദരാബാദിനോട് തോൽക്കുകയും വേണം.
പഞ്ചാബ് കിങ്സ്
കളി: 13,
പോയൻറ്: 10,
റൺറേറ്റ്: -0.241,
ശേഷിക്കുന്ന മത്സരം: ചെന്നൈ സൂപ്പർ കിങ്സ്
പഞ്ചാബിന് സാങ്കേതികമായി സാധ്യതയുണ്ടെങ്കിലും പുറത്താകലിെൻറ വക്കിലാണെന്നു പറയാം. കാരണം, ശേഷിക്കുന്ന ഏക കളി ജയിച്ചാലും പോയൻറ് 12ൽ മാത്രമേ എത്തൂ. കൊൽക്കത്തക്ക് ഇപ്പോൾ തന്നെ 12 ഉണ്ട്. പോരാത്തതിന് പഞ്ചാബിനെക്കാൾ മികച്ച റൺറേറ്റും. ചുരുക്കത്തിൽ, ചെന്നൈക്കെതിരെ വൻ മാർജിനിൽ ജയിക്കുകയും കൊൽക്കത്ത രാജസ്ഥാനെതിരെ വൻ മാർജിനിൽ തോൽക്കുകയും വേണം. ഒപ്പം മുംബൈയോ രാജസ്ഥാനോ 14ലേക്ക് എത്താതിരിക്കുകയും വേണം. റൺറേറ്റിൽ കൊൽക്കത്തയെ മറികടക്കണമെങ്കിൽ, ഉദാഹരണത്തിന് പഞ്ചാബ് ചെന്നൈയെ 70 റൺസിന് തോൽപിക്കുകയും കൊൽക്കത്ത അതേ മാർജിന് രാജസ്ഥാനോട് തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ, പഞ്ചാബിന് 0.034ഉം കൊൽക്കത്തക്ക് 0.011ഉം ആവും റൺറേറ്റ്.
രാജസ്ഥാൻ റോയൽസ്
കളി: 12,
പോയൻറ്: 10,
റൺറേറ്റ്: -0.337,
ശേഷിക്കുന്ന മത്സരം: മുംബൈ, കൊൽക്കത്ത
രാജസ്ഥാന് അടുത്ത രണ്ടു കളിയിലും ജയം അനിവാര്യമാണ്. രണ്ടും ജയിച്ചാൽ രാജസ്ഥാന് 14 പോയൻറ് ലഭിക്കുക മാത്രമല്ല, കൊൽക്കത്തയും മുംബൈയും പുറത്താവുകയും ചെയ്യും. എന്നാൽ, മുംബൈയോട് തോൽക്കുകയും കൊൽക്കത്തയോട് ജയിക്കുകയും ചെയ്താൽ രാജസ്ഥാനും കൊൽക്കത്തയും 12 പോയൻറിൽ തുല്യരാവും. അങ്ങനെ വരുേമ്പാൾ റൺറേറ്റാവും ഗതി നിർണയിക്കുക. മുംബൈയോട് തോൽക്കുകയാണെങ്കിൽ അതിെൻറ മാർജിൻ പരമാവധി കുറക്കുകയും കൊൽക്കത്തയെ വൻ മാർജിനിൽ തോൽപിക്കുകയുമായിരിക്കും രാജസ്ഥാെൻറ മുന്നിലുള്ള വഴി. ഒപ്പം പഞ്ചാബ് ചെന്നൈയോട് തോൽക്കുകയും വേണം.
മുംബൈ ഇന്ത്യൻസ്
കളി: 12,
പോയൻറ്: 10,
റൺറേറ്റ്: -0.453,
ശേഷിക്കുന്ന മത്സരം: രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്
രാജസ്ഥാനെക്കാൾ മോശം അവസ്ഥയിലാണ് മുംബൈ. രണ്ടു കളിയും ജയിക്കൽ അനിവാര്യം. രണ്ടും ജയിച്ചാൽ തന്നെയും കൊൽക്കത്ത രാജസ്ഥാനെ തോൽപിക്കുകയാണെങ്കിൽ വളരെ മോശം റൺറേറ്റായതിനാൽ മുംബൈയുടെ കഥ കഴിയും. അങ്ങനെ വന്നാൽ കൊൽക്കത്തയുടെ ജയം നേരിയ മാർജിനായിരിക്കുകയും മുംബൈ രണ്ടു കളിയും കൂടി 200 റൺസിനെങ്കിലും മുകളിൽ മാർജിനിൽ ജയിക്കേണ്ടിയും വരും. രണ്ടു കളിയും ജയിക്കുകയും കൊൽക്കത്ത തോൽക്കാൻ കാത്തിരിക്കുകയുമാണ് മുംബൈക്ക് ചെയ്യാനുള്ളത്.
പ്രധാന കളികൾ
രാജസ്ഥാൻ Vs മുംബൈ (ചൊവ്വ 7.30pm)
ചെന്നൈ Vs പഞ്ചാബ് (വ്യാഴം 3.30pm)
കൊൽക്കത്ത Vs രാജസ്ഥാൻ (വ്യാഴം 7.30pm)
ഹൈദരാബാദ് Vs മുംബൈ (വെള്ളി 7.30pm)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.