ലോകകപ്പ് ടീമിലെടുത്തത് ഓപണറായെന്ന് കിഷനോട് കോഹ്ലി; സീസണിലെ വേഗമേറി ഫിഫ്റ്റിയുമായി കളംനിറഞ്ഞ് താരം
text_fieldsഅബൂദബി: ട്വന്‍റി20 ലോകകപ്പിന്‍റെ തൊട്ടുമുമ്പ് നടക്കുന്ന ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇഷാൻ കിഷന്‍റെയും സൂര്യകുമാർ യാദവിന്‍റെയും ഫോമിനെ ചൊല്ലി ആകുലതപ്പെട്ടവർ നിരവധിയാണ്. എന്നാൽ ലീഗ് റൗണ്ടിന്‍റെ അവസാന മത്സരങ്ങളിൽ കത്തിക്കയറി കിഷനും സൂര്യകുമാറും വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 16 പന്തിൽ അർധശതകം തികച്ച കിഷൻ സീസണിലെ വേഗമേറിയ ഫിഫ്റ്റി സ്വന്തം പേരിലാക്കി.
ഇപ്പോൾ ട്വന്‍റി20 ലോകകപ്പിലെ കിഷന്‍റെ റോൾ വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓപണറുടെ റോളിലേക്കാണ് തന്നെ കോഹ്ലി കണ്ടുവെച്ചിരിക്കുന്നതെന്ന് കിഷൻ പറഞ്ഞു.
'ഞാൻ വിരാട് ഭായിയുമായി സംസാരിച്ചു. ജസ്പ്രീത് ഭായിയും എന്നെ സഹായിച്ചു. പാണ്ഡ്യ സഹോദരൻമാരും എന്നെ പിന്തുണക്കാനുണ്ടായിരുന്നു. കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമയമാണിതെന്നും ഇവിടെ വെച്ച് പഠിച്ചെടുക്കണമെന്നും തെറ്റുകൾ ലോകകപ്പിൽ ആവർത്തിക്കരുതെന്നും അവർ പറഞ്ഞു. അതായിരുന്നു അവരിൽ നിന്ന് ഞാൻ പഠിച്ചത്. ഓപ്പണറായാണ് നിന്നെ തെരഞ്ഞെടുത്തതെന്നും അതിന് തയാറായിരിക്കണമെന്നും വിരാട് ഭായ് പറഞ്ഞു. വലിയ വേദിയിൽ എല്ലാ സാഹചര്യങ്ങൾക്കും തയാറായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്' -കിഷൻ പറഞ്ഞു.
അവസാന ലീഗ് മത്സരത്തിൽ 43 റൺസിന് വിജയിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന് ഐ.പി.എൽ പ്ലേഓഫിൽ ഇടംനേടാൻ സാധിച്ചിരുന്നില്ല.
32 പന്തിൽ 84 റൺസെടുത്ത കിഷന്‍റെയും 40 പന്തിൽ 82റൺസെടുത്ത സൂര്യകുമാറിന്‍റെയും മികവിൽ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് പടുത്തുയർത്തിയിരുന്നു. ഹൈദരാബാദിന്‍റെ മറുപടി 20 ഓവറിൽ എട്ടിന് 193ൽ അവസാനിച്ചു. നെറ്റ്റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയെ പിന്തള്ളി കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് പ്ലേഓഫിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.