കഴിഞ്ഞത് ഏറ്റവും നിരാശപ്പെടുത്തിയ ഐ.പി.എല്ലെന്ന് സഞ്ജയ് മഞ്ജരേക്കർ
text_fieldsദുബൈ: കഴിഞ്ഞ ദിവസം യു.എ.ഇയിൽ സമാപിച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ നിലവാരത്തെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരവും കമേന്ററുമായ സഞ്ജയ് മഞ്ജരേക്കർ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ സീസണിൽ 59 മത്സരങ്ങൾ കണ്ട ശേഷം ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പേറിയ ലീഗിലെ പ്രകടനങ്ങളെ കുറിച്ച് മഞ്ജരേക്കറിന് ഒട്ടും മതിപ്പ് തോന്നിയില്ല.
ഫോമില്ലാത്തവരും ഫീൽഡ് ഔട്ടുമായ താരങ്ങളുടെ എണ്ണം ഈ സീസണിൽ വളരെ കൂടുതലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഈ കാരണങ്ങൾ കൊണ്ട് ഐ.പി.എൽ 2021 'വിചിത്രമായ അവസാനങ്ങളും' 'വഴിത്തിരിവുകളും' നിറഞ്ഞതാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ ഷോയിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലിൽ സ്ഥിരത പുലർത്തുന്ന കളിക്കാരും ശരാശരിക്കാരായ കളിക്കാരും തമ്മിൽ വലിയ വിടവുണ്ടെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. തുടക്കത്തിൽ ജയത്തിലേക്കെന്ന് തോന്നിപ്പിച്ച നിരവധി ടീമുകൾ മത്സരം അസാനിക്കുന്ന സമയത്തള വെള്ളം കുടിക്കുന്ന കാഴ്ച കണ്ട ശേഷമാണ് ഐ.പി.എല്ലിനെ 'കാണാൻ ഏറ്റവും നിരാശപ്പെടുത്തുന്ന ഐ.പി.എൽ' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
'ഇക്കുറി ചില മികച്ച കളിക്കാരെ ലഭിച്ചു. ഫോംഔട്ടായ, ഫീൽഡ് ഔട്ടായ കളിക്കാർ ഉണ്ട്. അവർ ഇവിടെയുണ്ടല്ലേ എന്ന് അത്ഭുതപ്പെടുത്തിയ തരത്തിൽ കഴിവുള്ള കളിക്കാരുമുണ്ട്. അതുകൊണ്ടാണ് നമ്മൾ വിചിത്രമായ അവസാനങ്ങളും വഴിത്തിരിവുകളും കണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും നിരാശപ്പെടുത്തുന്ന ഐ.പി.എൽ ആയിരുന്നു' -മഞ്ജരേക്കർ പറഞ്ഞു.
ക്വാളിഫയർ രണ്ട് മത്സരം ഉദാഹരണമാക്കിയാണ് മഞ്ജരേക്കർ തന്‍റെ അഭിപ്രായം പറഞ്ഞത്. ഡൽഹിക്കെതിരെ ഏഴുവിക്കറ്റ് കൈയ്യിലിരിക്കേ മൂന്നോവറിൽ കൊൽക്കത്തക്ക് 11 റൺസ് മാത്രമാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അലക്ഷ്യമായി ബാറ്റുവീശിയ കൊൽക്കത്ത വിക്കറ്റ് വലിച്ചെറിഞ്ഞു.
അവസാന ഓവറിൽ അശ്വിൻ രണ്ടുവിക്കറ്റ് പിഴുതതോടെ കൊൽക്കത്തക്ക് അവസാന രണ്ടുപന്തുകളിൽ ജയിക്കാൻ ആറുറൺസ് വേണമെന്ന സ്ഥിതിയായി. 20ാം ഓവറിന്‍റെ അഞ്ചാം പന്ത് സിക്സർ പറത്തി രാഹുൽ തൃപതിയാണ് കെ.കെ.ആറിന്‍റെ രക്ഷക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.