ഐ.പി.എല്ലിൽ താരപ്പകിട്ടോടെ വിക്കറ്റ് കീപ്പർമാർ; ഈ അഞ്ചുപേർക്കായി ലേലം കടുക്കും
text_fieldsഫെബ്രുവരി 12, 13 തിയതികളിൽ ബെംഗളുരുവിൽ നടക്കാനിരിക്കുന്ന മെഗാ താര ലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ചുരുക്കപ്പട്ടിക അടുത്തദിവസം തന്നെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ പുറത്തുവിടും. മികച്ച വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുക്കാനുള്ള വ്യഗ്രതയിലാണ് ചെന്നൈ, ഡൽഹി, രാജസ്ഥാൻ ടീമുകളും മറ്റു ഫ്രാഞ്ചൈസികളും. താരമൂല്യം കൂടിയ ഏറ്റവും ആദ്യത്തെ അഞ്ച് വിക്കറ്റ് കീപ്പർമാരുടെ പേരുകൾ യഥാക്രമം ഇങ്ങനെയാണ്.
ജോണി ബെയര്‍സ്‌റ്റോ
വിദേശ കളിക്കാരില്‍ ഏറ്റവും ഡിമാന്റുള്ള താരങ്ങളിലൊരാളാണ് ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ. ഓപ്പണറായി ഇറങ്ങിയാല്‍ ഏത് വമ്പന്‍ ബൗളിങ് ആക്രമണത്തേയും കീഴ്പ്പെടുത്താൻ താരത്തിന് അനായാസം സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ബെയര്‍സ്റ്റോ കൂടുതൽ കളിക്കിറങ്ങിയത്. ഇത്തവണ വലിയൊരു തുക സ്വന്തമാക്കാമെന്ന പ്രതീക്ഷ ബെയര്‍സ്റ്റോയ്ക്കുണ്ട്.
ക്വിന്റണ്‍ ഡി കോക്ക്
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ് മറ്റൊരു പ്രതിഭാസം. അടുത്തിടെ സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത് ഡി കോക്കിന് തുണയാകും. വിക്കറ്റ് കീപ്പിങ്ങിലും മികവ് തെളിയിച്ച താരം ലേലത്തില്‍ ഓളമുണ്ടാക്കാനാണ് സാധ്യത. 8 മുതല്‍ 10 കോടി രൂപവരെ ഡി കോക്കിന് നേടാനായേക്കും.
ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനും താര ലേലത്തിനെത്തുന്നുണ്ട്. വിക്കറ്റ് കീപ്പിങ്ങിനേക്കാള്‍ ഇടിവെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനംകവർന്നു കഴിഞ്ഞ താരം കൂടിയാണ് ഇഷാൻ. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഒഴിവാക്കിയ താരത്തെ തിരിച്ചെടുക്കാനുള്ള സാധ്യതകൾ ഏറെയാണ്. പുതുതായി എത്തിയ ക്ലബ്ബുകളും കിഷനെ നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
നിക്കൊളാസ് പൂരന്‍
കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ച വെസ്റ്റിന്‍ഡീസിന്റെ നിക്കൊളാസ് പൂരനാണ് താര ലേലത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. വന്‍ തുക നല്‍കി പഞ്ചാബ് സ്വന്തമാക്കിയെങ്കിലും താരത്തിന് മികവ് തെളിയിക്കാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ സമാപിച്ച പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചത് നിക്കോളാസ് പൂരന് നേട്ടമായേക്കാം. 10 കോടിക്ക് താഴെയായിരിക്കും താരത്തിന്‍റെ മൂല്യമെന്നാണ് ക്രിക്കറ്റ് വിദഗദ്ധരുടെ വിലയിരുത്തൽ.
അലക്‌സ് കാരി
ഓസീസ് ബാറ്റര്‍ അലക്‌സ് കാരിയും ഐപിഎല്‍ ലേലത്തിലെ പ്രതീക്ഷയാണ്. ഡല്‍ഹി കാപ്പിറ്റല്‍സിനായാണ് കാരി കഴിഞ്ഞ വർഷം കളിച്ചത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായുണ്ടായിരുന്നതിനാല്‍ കാരിക്ക് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. താരത്തിന് ബി.ബി.എല്ലില്‍ മികവ് പുലർത്താൻ സാധിച്ചത് ലേലത്തിൽ പ്രതിഫലിച്ചേക്കും. അഞ്ചു മുതൽ 10 കോടി വരെയായിരിക്കും ലേലത്തിൽ കാരിയുടെ മൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.