വാർണർ (60) പൃഥ്വി ഷാ (40) വെടിക്കെട്ട്; ഡൽഹിക്ക് ഒമ്പതു വിക്കറ്റ് ജയം
text_fieldsമുംബൈ: ആദ്യം വിക്കറ്റ് മഴ പെയ്ത ബ്രാബോൺ മൈതാനത്ത് പ്രിഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് പെയ്യിച്ച റൺമഴയുടെ വിജയത്തിളക്കത്തിൽ ഡൽഹി. 20 ഓവറിൽ പഞ്ചാബ്നിര നിരങ്ങിയൊപ്പിച്ച ലക്ഷ്യം 10.3 ഓവറിലാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. സ്കോർ പഞ്ചാബ് 115/10. ഡൽഹി 10.3 ഓവറിൽ 119/1.
കൂറ്റൻ ഇന്നിങ്സ് ലക്ഷ്യമിട്ടിറങ്ങിയവരെ മനോഹര ബൗളിങ്ങുമായി ഡൽഹി തുടക്കത്തിലേ പിടിച്ചുകെട്ടുന്നതായിരുന്നു കാഴ്ച. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം അക്ഷരാർഥത്തിൽ ശരിവെച്ച് ബൗളർമാർ തുടക്കം മുതൽ അടക്കിവാണു. റണ്ണെടുക്കാൻ വിഷമിച്ച ശിഖർ ധവാനെ പന്തിന്റെ കൈകളിലെത്തിച്ച് ലളിത് യാദവാണ് തുടക്കമിട്ടത്. പിന്നീട് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണുകൊണ്ടിരുന്നു. 32 റൺസെടുത്ത ജിതേഷ് ശർമ മാത്രമാണ് കൂട്ടത്തിൽ 'റൺവേട്ടക്കാരൻ'.
മായങ്ക് 24ഉം എടുത്തു. ആറുപേർ ഇരട്ടയക്കം കാണാതെ കൂടാരം കയറിയപ്പോൾ നഥാൻ എല്ലിസ് സംപൂജ്യനുമായി. ബൗളർമാരിൽ അക്സർ പട്ടേൽ നാലോവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിട്ടുനൽകിയത് 10 റൺസ് മാത്രം. ഖലീൽ അഹ്മദ്, കുൽദീപ് യാദവ്, ലളിത് യാദവ് എന്നിവരും രണ്ടു വിക്കറ്റെടുത്തു. നേരത്തെ ഡൽഹി താരം ടിം സീഫെർട്ട് കോവിഡ് പോസിറ്റിവായത് ആശങ്കയുടെ നിഴൽ പടർത്തിയെങ്കിലും കളി നടത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അതിവേഗത്തിലാണ് റണ്ണുകൾ വാരിക്കൂട്ടിയത്. 20 പന്തിൽ 41ൽ നിൽക്കെ ചഹറിന് വിക്കറ്റ് നൽകി പൃഥ്വി മടങ്ങിയെങ്കിലും മൂന്നാമനായി ഇറങ്ങിയ സർഫറാസ് ഖാൻ വാർണർക്ക് കൂട്ടുനൽകി. അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് വാർണർ നേരിട്ട അവസാന പന്ത് ബൗണ്ടറി കടത്തിയാണ് വിജയം ആഘോഷിച്ചത്. സർഫറാസ് ഖാൻ 12 റൺസുമായി പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.