ഐ.പി.എൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്
text_fieldsഅഹ്മദാബാദ്: പ്രഥമ സീസണിൽ തന്നെ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട് ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 130 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (43 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 45 റൺസ്), ഡേവിഡ് മില്ലർ (19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും അടക്കം 32 റൺസ്) എന്നിവരാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 28 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 റൺസെടുത്തു. വൃദ്ധിമാൻ സാഹ (ഏഴ് പന്തിൽ ഒരു ഫോർ അടക്കം അഞ്ച് റൺസ്), മാത്യു വെയ്ഡ് (10 പന്തിൽ എട്ട്) എന്നിവരാണ് ഗുജറാത്ത് നിരയിൽ പുറത്തായ മറ്റു താരങ്ങൾ. നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന്റെ ബാറ്റർമാർ കാര്യമായൊന്നും ചെയ്യാതെ കൂടാരം കയറിയതോടെ സ്കോർ 20 ഓവറിൽ ഒമ്പതിന് 130ലൊതുങ്ങുകയായിരുന്നു. 35 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 39 റൺസടിച്ച ജോസ് ബട് ലറാണ് ടോപ് സ്കോറർ.
ഗുജറാത്ത് ബൗളർമാരിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇത്രയും ഓവറിൽ റാഷിദ് ഖാൻ വിട്ടു കൊടുത്തത് 18 റൺസ് മാത്രം. സായ് കിഷോർ രണ്ടും റാഷിദ്, മുഹമ്മദ് ഷമി, യാശ് ദയാൽ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.
ഓപണർമാരായ യശസ്വി ജയ്‍സ്വാളും ബട് ലറും ടീമിന് തരക്കേടില്ലാത്ത തുടക്കം നൽകി. നാലാം ഓവറിൽ സ്കോർ 31ൽ നിൽക്കെ ജയ്സ്വാളിനെ ദയാലിന്റെ പന്തിൽ സായ് കിഷോർ പിടിച്ചു. 16 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമായി 22 റൺസ് ചേർത്താണ് ജയ്സ്വാൾ മടങ്ങിയത്. ക്യാപ്റ്റൻ സഞ്ജു സംസണിലായിരുന്നു പ്രതീക്ഷകളത്രയും. ബൗണ്ടറികളുമായി തുടങ്ങിയ സഞ്ജുവിന് പക്ഷേ പിടിച്ചുനിൽക്കാനായില്ല. 11 പന്തിൽ 14 റൺസുമായി പാണ്ഡ്യക്ക് വിക്കറ്റും സായ് കിഷോറിന് ക്യാച്ചും നൽകി മടങ്ങി. സ്കോർ രണ്ടിന് 60. ദേവ്ദത്ത് പടിക്കൽ പത്ത് പന്ത് കളിച്ചിട്ടും നേടിയത് രണ്ട് റൺസ് മാത്രം. റാഷിദ് ഖാന്റെ ഓവറിൽ ഷമി പിടിച്ചു.
ഒരു ഭാഗത്ത് പൊരുതിയ ബട് ലറെ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്യാച്ചെടുത്ത് മടക്കിയതോടെ രാജസ്ഥാൻ 12.1 ഓവറിൽ നാലിന് 79ലേക്ക് പരുങ്ങി. കരകയറ്റാൻ ഷിമ്രോൺ ഹെറ്റ്മെയർ നടത്തിയ ശ്രമങ്ങൾക്കും അൽപായുസ്സ്. 11 റൺസെടുത്ത ഹെറ്റ്മെയറെ സ്വന്തം പന്തിൽ പാണ്ഡ്യ പിടിച്ചു. സ്കോർ 15 ഓവറിൽ അഞ്ചിന് 94. ഒമ്പത് പന്ത് നേരിട്ട ആർ. അശ്വിന് സംഭാവന ചെയ്യാനായത് ആറ് റൺസ്.
16 ഓവറിൽ ടീം സ്കോർ മൂന്നക്കം തികക്കും മുമ്പേ അശ്വിനും തിരിച്ചു കൂടാരം കയറി. വാലറ്റത്ത് റിയാൻ പരാഗിനൊപ്പം ട്രന്റ് ബോൾട്ട് നടത്തിയ പോരാട്ടവും അധികനേരം നീണ്ടില്ല. ഏഴ് പന്തിൽ 11 റൺസെടുത്ത ബോൾട്ടിനെ സായ് കിഷോറിന്റെ ഓവറിൽ തേവാത്തിയ ക്യാച്ചെടുത്തു. സായിയെ സിക്സറിന് പറത്തിയ ഒബേഡ് മെക്കോയിയെ (എട്ട്) 20ാം ഓവറിൽ തേവാത്തിയ റണ്ണൗട്ടാക്കുമ്പോൾ സ്കോർ എട്ടിന് 130. അവസാന പന്തിൽ പരാഗിനെ (15) ഷമി ക്ലീൻ ബൗൾഡാക്കിയതോടെ കാര്യങ്ങൾ പൂർണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.