ഗുജറാത്ത് നോക്കൗട്ടിൽ; ലഖ്നോയെ 62 റൺസിന് വീഴ്ത്തി
text_fieldsമുംബൈ: ഐ.പി.എലിൽ കന്നിക്കാരായിട്ടും കരുത്തരെ മറിച്ചിട്ട് ഇതുവരെയും മുന്നേറിയവർ പക്ഷേ, മുഖാമുഖം വന്നപ്പോൾ പതർച്ച. ആദ്യം ബാറ്റെടുത്ത ഗുജറാത്ത് 145 റൺസുമായി മടങ്ങിയപ്പോൾ അതിലേറെ വേഗത്തിൽ എതിരാളികളെ മടക്കിയാണ് റാശിദ് ഖാനും സംഘവും കളി തീർത്തത്. ഇതോടെ ജയവുമായി ഗുജറാത്ത് നോക്കൗട്ട് ഉറപ്പാക്കുന്ന ആദ്യ ടീമായി. സ്കോർ ഗുജറാത്ത് 144/4, ലഖ്നോ 82/10.
എതിർ ബൗളിങ്ങിനെ തുടക്കം മുതൽ കരുതലോടെ നേരിട്ട ഗുജറാത്ത് റൺ കണ്ടെത്തുന്നതിൽ ശരിക്കും വിഷമിച്ചു. മുഹ്സിൻ ഖാൻ, ആവേശ് ഖാൻ എന്നിവരും ജാസൺ ഹോൾഡറും ഒരേ താളത്തിൽ പന്തെറിഞ്ഞപ്പോൾ വിക്കറ്റു കാക്കുക മാത്രമായി ഗുജറാത്ത് ബാറ്റർമാരുടെ ദൗത്യം. ഓപണറായി ഇറങ്ങി പുറത്താകാതെ നിന്ന ശുഭ്മാൻ ഗിൽ 49 പന്തിൽ കുറിച്ചത് 63 റൺസ്. മധ്യനിരയിൽ ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും മാത്രമായിരുന്നു പിന്നീട് അൽപമെങ്കിലും പിടിച്ചുനിന്നത്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 11 ആയിരുന്നു സമ്പാദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ നിരയിൽ ബാറ്റർമാർ എല്ലാവരും ദയനീയമായി പരാജയപ്പെട്ടു. 27 റണ്ണെടുത്ത ദീപക് ഹൂഡയും ഓപണറായ ഡി കോക്കും വാലറ്റത്ത് ആവേശ് ഖാനുമൊഴികെ ഒരാളും രണ്ടക്കം കടന്നുമില്ല. നാലു വിക്കറ്റെടുത്ത് റാശിദ് ഖാനായിരുന്നു ലഖ്നോയുടെ അന്തകനായത്. ഇതോടെ ട്വന്റി20യിൽ 450 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ താരമായി റാശിദ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.