രാഹുൽ ത്രിപാഠിക്കും മാർക്രമിനും അർധസെഞ്ച്വറി; കൊൽക്കത്തയെ ഏഴു വിക്കറ്റിന് തകർത്ത് ഹൈദരാബാദ്
text_fieldsമുംബൈ: രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രമും അർധസെഞ്ച്വറിയുമായി കളംനിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. സ്കോർ കൊൽക്കത്ത: 20 ഓവറിൽ എട്ടു വിക്കറ്റിന് 175. ഹൈദരാബാദ്: 17.5 ഓവറിൽ മൂന്നു വിക്കറ്റിന് 176.
രാഹുൽ ത്രിപാഠിയ 37 പന്തിൽനിന്ന് ആറു സിക്സുകളും നാലു ഫോറുകളുമടക്കം 71 റൺസെടുത്തു. എയ്ഡൻ മാർക്രം 36 പന്തിൽനിന്ന് 68 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലു സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. അഭിഷേക് ഷർമ മൂന്നും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 17ഉം റൺസെടുത്ത് വേഗം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ത്രിപാഠിയയും മാർക്രമും ചേർന്ന് ടീമിന്‍റെ സ്കോർ വേഗത്തിൽ ചലിപ്പിച്ചു.
ത്രിപാഠി പുറത്താകുമ്പോൾ ടീം സ്കോർ 133. പിന്നാലെ നിക്കോളാസ് പൂരനെ കൂട്ടുപിടിച്ച് മാർക്രം ടീമിനെ വിജയത്തിലെത്തിച്ചു. കൊൽക്കത്തക്ക് വേണ്ടി ആന്ദ്രേ റസ്സൽ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി. നേരത്തെ, അർധസെഞ്ച്വറി നേടിയ യുവതാരം നിതീഷ് റാണയുടേയും ആന്ദ്രേ റസലിന്‍റേയും തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് കൊൽക്കത്ത 175 റൺസെടുത്തത്. റാണ 36 പന്തിൽനിന്ന് രണ്ട് സിക്സും നാല് ഫോറുകളും ഉൾപ്പെടെ 54 റണ്‍സ് എടുത്തു. റസല്‍ 25 പന്തില്‍നിന്ന് 49 റൺസ് നേടി പുറത്താകാതെ നിന്നു. നാല് സിക്സും നാല് ഫോറും അടങ്ങുന്നതാണ് റസലിന്‍റെ ഇന്നിങ്സ്.
അവസാന ഓവറില്‍ ഹൈദരാബാദ് സ്പിന്നര്‍ ജഗ്തീഷ് സുജിത്തിനെ തുടരെ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി പേസ് ബൗളർ നടരാജന്‍ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ ഉംറാന്‍ മാലിക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.