വീണ്ടും കാർത്തിക് വെടിക്കെട്ട്; ബാംഗ്ലൂരിന് 16 റൺസ് ജയം
text_fieldsമുംബൈ: പ്രായം വെറുമൊരു നമ്പറാണ് ദിനേശ് കാർത്തിക്കിന്. 37ാം വയസ്സിൽ പുഷ്പം പോലെ സിക്സറും ബൗണ്ടറികളുമായി ആഞ്ഞടിച്ച ഡി.കെയുടെ വെടിക്കെട്ടിന്റെ കരുത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 16 റൺസിന്റെ മിന്നുന്ന ജയം. തുടക്കത്തിലെ തകർച്ചക്കു ശേഷം ഗ്ലെൻ മാക്സ് വെല്ലും ഷഹബാസ് അഹമ്മദും ദിനേഷ് കാർത്തികും ചേർന്ന് ബാംഗ്ലുരിനായി കരുപ്പിടിപ്പിച്ച 190 റൺസ് വിജയലക്ഷ്യത്തിനരികെ ഡൽഹി കുഴഞ്ഞു വീണു.
ഓപണർ ഡേവിഡ് വാർണറും (38 പന്തിൽ 66 റൺസ്) ക്യാപ്റ്റൻ ഋഷഭ് പന്തും (17 പന്തിൽ 34 റൺസ്) ആഞ്ഞടിച്ചെങ്കിലും ജോഷ് ഹേസൽവുഡും മുഹമ്മദ് സിറാജും ചേർന്ന് ഡൽഹിയെ പിടിച്ചുകെട്ടുകയായിരുന്നു. ഹേസൽ വുഡ് മൂന്നു വിക്കറ്റും സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഡൽഹി ബാറ്റിങ്ങിനിറക്കിയ ബാംഗ്ലൂരിന്റെ തുടക്കം മോശമായിരുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസും വിരാട് കോഹ്ലിയും ഓപണർ അഞ്ജു റാവത്തും പെട്ടെന്ന് പുറത്തായ ശേഷം ഗ്ലെൻ മാക്സ് വെല്ലും ഷഹബാസ് അഹമ്മദും ദിനേഷ് കാർത്തികും ചേർന്നാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 40 റൺസിന് മൂന്നു വിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു മാക്സ് വെൽ ഷോ. 34 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്സറുമായി മാക്സ് വെൽ 55 റൺസെടുത്തു. ആറാം വിക്കറ്റിലായിരുന്നു ബാംഗ്ലൂർ കൊതിച്ച കൂട്ടുകെട്ട് പിറന്നത്. ഷഹബാസ് അഹമദിന് കൂട്ടായി വന്ന ദിനേഷ് കാർത്തിക് ആഞ്ഞടിച്ചു. 18ാമത്തെ ഓവർ എറിഞ്ഞ മുസ്തഫിസുർ റഹ്മാൻ ശരിക്കും വിശന്നുവലഞ്ഞ കടുവയുടെ മുന്നിൽപെട്ട പോലെയായി. ആദ്യത്തെ മൂന്നു പന്തും ബൗണ്ടറി. അടുത്ത രണ്ടു പന്തും സിക്സർ. അവസാന പന്ത് പിന്നെയും ബൗണ്ടറി. ഒരോവറിൽ 28 റൺസ്. 34 പന്തിൽ 66 റൺസ്. 21 പന്തിൽ 32 റൺസുമായി ഷഹബാസ് അഹമദും കാർത്തികിനൊപ്പം പുറത്താകാതെ നിന്നു. 97 റൺസാണ് ഇരുവരും ചേർന്ന് ആറാംവിക്കറ്റിൽ അടിച്ചുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.