ഐ.പി.എൽ ഇന്ത്യയിൽതന്നെ; മാർച്ച് അവസാനം തുടങ്ങും, മേയ് ഒടുവിൽ സമാപനം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ ഇക്കുറിയും ഐ.പി.എൽ നാടുവിടുമോ എന്ന ആശങ്കകൾക്ക് അറുതി. ഐ.പി.എൽ 15ാം സീസൺ ഇന്ത്യയിൽതന്നെയായിരിക്കുമെന്നും മാർച്ച് അവസാനവാരം മുതൽ മേയ് അവസാന വാരം വരെയായിരിക്കും മത്സരങ്ങളെന്നും സെക്രട്ടറി ജയ്ഷായെ ഉദ്ധരിച്ച് ബി.സി.സി.ഐ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
മാർച്ച് 27ന് മത്സരങ്ങൾ തുടങ്ങാനാണ് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽതന്നെ ഇക്കുറി മത്സരങ്ങൾ പൂർണമായും നടത്തണമെന്നാണ് ടീം ഉടമകളുടെ താൽപര്യം. അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും കളിക്കാരുടെ സുരക്ഷ സുപ്രധാനമാണെന്നും ജയ് ഷാ വ്യക്തമാക്കി. കഴിഞ്ഞ സീസൺ ഇന്ത്യയിലാണ് ആരംഭിച്ചതെങ്കിലും പാതിവഴിയിൽ മത്സരങ്ങൾ നിർത്തേണ്ടിവന്നു. രണ്ടാം ഘട്ടവും ഫൈനൽ മത്സരങ്ങളും യു.എ.ഇയിലാണ് നടന്നത്.
കോവിഡിന്റെ മൂന്നാം ഘട്ടവ്യാപനം മുന്നിൽ നിൽക്കെ വീണ്ടും മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റേണ്ടിവരുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് ബി.സി.സി.ഐ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയിൽ മത്സരങ്ങൾ നടത്താനായില്ലെങ്കിൽ യു.എ.ഇയും ദക്ഷിണാഫ്രിക്കയും റിസർവ് വേദികളായി പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.