സൺറൈസേഴ്സ് ബാറ്റർമാരെ വെള്ളം കുടിപ്പിച്ച് ലഖ്നൗ ബൗളർമാർ; 121/8 (20)
text_fieldsഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വെള്ളം കുടിപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സ്പിൻ ബൗളർമാർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. റൺസ് വഴങ്ങുന്നതിൽ പിശുക്കു കാട്ടിയ എൽ.എസ്.ജി ബൗളർമാരിൽ ക്രുണാൽ പാണ്ഡ്യയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. താരം നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകളാണ് വീഴ്ത്തിയത്.
സൺറൈസേഴ്സിന് വേണ്ടി രാഹുൽ ത്രിപാഠിയും (41 പന്തിൽ 35) ഐ.പി.എല്ലിൽ കന്നി മത്സരം കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ അൻമോൽ പ്രീത് സിങ്ങും (26 പന്തിൽ 31) മാത്രമാണ് അൽപ്പെമെങ്കിലും പൊരുതിയത്. അബ്ദുൽ സമദ് 10 പന്തുകളിൽ 21 റൺസുമെടുത്തു. സമദും വാഷിങ്ടൺ സുന്ദറുമാണ് (16) സ്കോർ 100 കടത്തിയത്.
സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്‌ണോയി എന്നിവരുടെ ബൗളിങ്ങിന് മുന്നിൽ ഹൈദരാബാദ് ബാറ്റർമാർ പരുങ്ങുന്ന കാഴ്ചയായിരുന്നു. നായകൻ ഐഡൻ മാർക്രം (0), ഓപണർമാരായ അൻമോൽ പ്രീത്, മായങ്ക് അഗർവാൾ (8) എന്നിവരുടെ വിക്കറ്റുകളാണ് ക്രുണാൽ പാണ്ഡ്യ വീഴ്ത്തിയത്. അമിത് മിശ്ര നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഒരു വിക്കറ്റ് നേടിയ രവി ബിഷ്‌ണോയി 16 റൺസ് മാത്രമാണ് വിട്ടുനൽകിയത്. യാഷ് താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.