ഐ.പി.എൽ: വീണ്ടും തോറ്റ് മുംബൈ ഇന്ത്യൻസ്, ചെന്നൈക്ക് ഏഴ് വിക്കറ്റ് ജയം
text_fieldsമുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ ഏഴ് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റുകൾ ബാക്കിനിൽക്കെ ചെന്നൈ വിജയം കൈപ്പിടിയിലൊതുക്കി. സ്കോർ: മുംബൈ - 157 (8 wkts, 20 Ov)/ചെന്നൈ - 159 (3 wkts, 18.1 Ov)
ചെന്നൈക്ക് വേണ്ടി അജിൻക്യ രഹാനെയാണ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. താരം 27 പന്തുകളിൽ ഏഴ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 61 റൺസെടുത്തു. റുതുരാജ് ഗെയ്ക്‍വാദ് 40 റൺസും ശിവം ധുബേ 28 റൺസും അമ്പാട്ടി റായ്ഡു 20 റൺസുമെടുത്തു. സീസണിലെ മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ഓപ്പണർ ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ. 21 പന്തിൽ 32 റൺസെടുത്ത കിഷനെ രവീന്ദ്ര ജദേജ മടക്കി. ടിം ഡേവിഡ് 22 പന്തിൽ 31 റൺസും നായകൻ രോഹിത് ശർമ 13 പന്തിൽ 21 റൺസും എടുത്ത് പുറത്തായി. കാമറൂൺ ഗ്രീൻ (11 പന്തിൽ 12), സൂര്യകുമാർ യാദവ് (രണ്ടു പന്തിൽ ഒന്ന്), തിലക് വർമ (18 പന്തിൽ 22), അർഷാദ് ഖാൻ (നാലു പന്തിൽ രണ്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (പത്ത് പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
13 പന്തിൽ 18 റൺസുമായി ഹൃത്വിക് ഷൊക്കീനും ആറു പന്തിൽ അഞ്ചു റൺസുമായി പിയൂഷ് ചൗളയും പുറത്താകാതെ നിന്നു. ചെന്നൈക്കു വേണ്ടി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും തുഷാർ ദേശ്പാണ്ഡെ, മിച്ചൽ സാന്‍റനർ എന്നിവർ രണ്ട് വിക്കറ്റ് വീതവും സിസന്ദ മഗല ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.