കൊൽക്കത്തക്ക് പഞ്ചാബിന്റെ വെല്ലുവിളി
text_fieldsമൊഹാലി: പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഐ.പി.എല്ലിന്റെ പുതിയ സീസൺ തുടങ്ങുന്നത് സമാനദുഃഖിതരായാണ്. പരിക്കും വിദേശ താരങ്ങൾ എത്താത്തതുമാണ് ഇരുകൂട്ടർക്കും പ്രധാന പ്രശ്നം. രണ്ട് വട്ടം കിരീടം നേടിയ കൊൽക്കത്ത കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു. കിരീടം കിട്ടാക്കനിയായ പഞ്ചാബ് ആറാമതും. പുതിയ നായകൻമാരുടെ കീഴിലാണ് ഇരു ടീമുകളും.
വെറ്ററൻ താരം ശിഖർ ധവാനാണ് പഞ്ചാബ് ക്യാപ്റ്റൻ. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം നിതീഷ് റാണക്കാണ് കൊൽക്കത്തയെ നയിക്കാനുള്ള അവസരം കൈവന്നത്. അൽപം കരുത്ത് കൂടുതലുള്ള പഞ്ചാബിന് ഇംഗ്ലീഷ് താരം ജോണി ബയർസ്റ്റോയുടെ അഭാവം തിരിച്ചടിയാണ്. പരിക്ക് ഭേദമാകാത്തതിനാൽ ബെയർസ്റ്റോക്ക് ഐ.പി.എൽ കളിക്കാനാകില്ല. ബിഗ് ബാഷ് ലീഗിൽ ടൂർണമെന്റിലെ താരമായിരുന്ന മാറ്റ് ഷോട്ട് ഓപണിങ്ങിൽ ശിഖർ ധവാന് കൂട്ടാകും.
പരിക്കായതിനാൽ ഓൾറൗണ്ടർ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റോണും ദേശീയ ടീമിനൊപ്പമായതിനാൽ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ടീമിനൊപ്പം ചേർന്നിട്ടില്ല. സാം കരൺ, സിക്കന്ദർ റാസ എന്നിവരും ടീമിലുണ്ട്. റബാദയുടെ അഭാവത്തിൽ അർഷ്ദീപ് സിങ്ങിന് ബൗളിങ്ങിൽ ഉത്തരവാദിത്തമേറും.
കൊൽക്കത്തയുടെ ബംഗ്ലാദേശ് താരങ്ങളായ ലിറ്റൺ ദാസും ഷക്കീബുൽ ഹസനും ദേശീയ ടീമിന്റെ മത്സരങ്ങൾ കഴിഞ്ഞ ശേഷമേ ടീമിൽ ചേരൂ. ആന്ദ്രെ റസൽ, സുനിൽ നരയ്ൻ, ടിം സൗത്തീ, ഉമേഷ് യാദവ്, ഷാർദുൽ ഠാക്കൂർ എന്നിവരും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രമുഖ താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.