ഐ.പി.എൽ: മഴമുടക്കിയ കളിയിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബിന് ഏഴ് റൺസ് വിജയം
text_fieldsമൊഹാലി: ഫ്ലഡ്ലിറ്റ് തകരാറും മഴയും രസംകൊല്ലിയായ ഐ.പി.എൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് ഏഴു റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 191 റൺസ് നേടി. കൊൽക്കത്തയുടെ മറുപടി 16 ഓവറിൽ ഏഴിന് 146ൽ നിൽക്കെ മഴമൂലം കളിനിർത്തുകയായിരുന്നു. പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഡക് വർത്ത്-ലൂയിസ് നിയമപ്രകാരം പഞ്ചാബ് ഏഴു റൺസിന് ജയിച്ചതായി പ്രഖ്യാപിച്ചു. ഫ്ലഡ്ലിറ്റ് പ്രകാശിക്കാത്തതിനാൽ അരമണിക്കൂർ വൈകിയാണ് കൊൽക്കത്ത റൺചേസ് തുടങ്ങിയതുതന്നെ. 32 പന്തിൽ 50 റൺസെടുത്ത ഭാനുക രാജപക്സയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ മിന്നിയ അർഷ്ദീപ് സിങ് പ്ലെയർ ഓഫ് ദ മാച്ചായി.
ആദ്യ രണ്ട് ഓവറുകളിൽ തകർത്തടിച്ച് പഞ്ചാബിന് സ്വപ്നസമാന തുടക്കം നൽകിയ ഓപണർ പ്രഭ്സിമ്രാൻ സിങ്ങിന് പക്ഷേ ക്രീസിൽ അധികം ആയുസ്സുണ്ടായില്ല. രണ്ടു വീതം ഫോറും സിക്സുമടക്കം 12 പന്തിൽ 23 റൺസെടുത്ത പ്രഭ്സിമ്രാന് രണ്ടാം ഓവർ പൂർത്തിയാകവെ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് ക്യാച്ചും ടിം സൗത്തിക്ക് വിക്കറ്റും സമ്മാനിച്ച് മടങ്ങേണ്ടിവന്നു. രാജപക്സയും ക്യാപ്റ്റൻ ശിഖർ ധവാനും ക്രീസിൽ ഒരുമിച്ചതോടെ സ്കോർ പിന്നെയും കുതിച്ചു.
ഓവറിൽ ശരാശരി 10 റൺസിന് മുകളിൽ സ്കോർ ചെയ്ത് മുന്നേറിയ സഖ്യം കൊൽക്കത്ത ബൗളർമാരെ കണക്കിന് ശിക്ഷിച്ചു. അർധശതകം തികച്ച് രാജപക്സ മടങ്ങുമ്പോൾ സ്കോർ മൂന്നക്കം കടന്നിരുന്നു. 11 പന്തിൽ 21 റൺസ് ചേർത്ത് ജിതേഷ് ശർമയും നിർണായക സംഭാവന നൽകി. 29 പന്തിൽ 40 റൺസെടുത്ത് ധവാൻ നാലാമനായി പുറത്തായി. സിക്കന്ദർ റാസ (16) മടങ്ങിയശേഷം സംഗമിച്ച സാം കറൻ (17 പന്തിൽ 26)-എം. ഷാറൂഖ് ഖാൻ (ഏഴു പന്തിൽ 11) സഖ്യം അവസാന ഓവറുകളിൽ തകർത്തടിച്ച് സ്കോർ 191ലെത്തിച്ചു. ആദ്യ ഓവറിലെ വെടിക്കെട്ടിനു പിന്നാലെ കൊൽക്കത്തക്ക് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി. രണ്ടാം ഓവറിൽ ഓപണർ മൻദീപ് സിങ്ങിനെ (2) പുറത്താക്കി തുടങ്ങിയ അർഷ്ദീപ് അവസാന പന്തിൽ അനുകൂൽ റോയിയെയും (4) വീഴ്ത്തിയതോടെ സ്കോർ രണ്ടിന് 17. മറുതലക്കൽ പൊരുതിയ ഓപണർ ഗുർബാസിനെ (16 പന്തിൽ 22) നതാൻ എല്ലിസ് ബൗൾഡാക്കി.
തുടരത്തുടരെ തിരിച്ചടികളേറ്റ ടീമിന് ഇംപാക്ട് പ്ലെയർ വെങ്കടേശ് അയ്യരും (34) ക്യാപ്റ്റൻ നിതീഷ് റാണയുമാണ് (24) ജീവശ്വാസം നൽകിയത്. റാണക്കു പിറകെ റിങ്കു സിങ്ങും (4) ഔട്ടായപ്പോൾ സ്കോർ 10.1 ഓവറിൽ അഞ്ചു വിക്കറ്റിന് 80. ആന്ദ്രെ റസലിന്റെ തകർപ്പൻ ബാറ്റിങ് (19 പന്തിൽ 35) ഒരുവേള കൊൽക്കത്തക്ക് പ്രതീക്ഷ നൽകിയിരുന്നു.
15ാം ഓവറിൽ റസലിനെ സാം കറൻ പറഞ്ഞുവിട്ടതോടെ ആറിന് 130. അടുത്ത ഓവറിൽ വെങ്കടേശിനെ അർഷ്ദീപും പുറത്താക്കി. ശാർദുൽ ഠാകുറും (8) സുനിൽ നരെയ്നും (7) ക്രീസിൽ നിൽക്കെ മഴയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.