അവസാന ഓവർ വരെ നീണ്ട ആവേശം; ത്രില്ലർ പോരിൽ സഞ്ജുവിന്റെ പടയെ തോൽപ്പിച്ച് പഞ്ചാബ്
text_fieldsഗുവാഹത്തി: ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റൺസിന്റെ വിജയം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ സഞ്ജുവിന്റെ പട പൊരുതിയാണ് തോറ്റത്. ആദ്യ ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
വലിയ റൺസിന് തോൽവി വഴങ്ങുമെന്ന് തോന്നിച്ച രാജസ്ഥാനെ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (36) ദ്രുവ് ജൂറലിന്റെയും (32) വാലറ്റത്തെ വെടിക്കെട്ടാണ് രക്ഷിച്ചത്. 25 പന്തുകളിൽ 42 റൺസ് എടുത്ത സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ദേവ്ദത്ത് പടിക്കൽ (26 പന്തില്‍ 21) ഇത്തവണയും നിരാശപ്പെടുത്തി.
നായകൻ ശിഖർ ധവാന്‍റെയും(86) പ്രഭ്മാന്‍ സിങ്ങിന്റെയും (60)അപരാജിത വെടിക്കെട്ട് പ്രകടനവും സഞ്ജു സാംസണിന്റെയടക്കം നാല് പ്രധാന വിക്കറ്റുകൾ പിഴുതുകൊണ്ടുള്ള നതാൻ ഇല്ലിസിന്റെ ബൗളിങ്ങുമാണ് പഞ്ചാബിന് കരുത്തായത്.
56 പന്തിൽ 86 റൺസാണ് ധവാൻ അടിച്ചെടുത്തത്. മൂന്നു സിക്സും ഒമ്പത് ഫോറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രഭ്‌സിമ്രാനും ശിഖർ ധവാനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 9.4 ഓവറിൽ 90 റൺസാണ് അടിച്ചെടുത്തത്. 34 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 60 റൺസാണ് പ്രഭ്‌സിമ്രാൻ നേടിയത്. പിന്നാലെ ജേസൺ ഹോൾഡറിന്‍റെ പന്തിൽ ജോസ് ബട്ട്‌ലറിന് ക്യാച്ച് നൽകി താരം പുറത്തായി. പരിക്കേറ്റ ഭാനുക രജപക്സ ഒരു റണ്ണുമായി ഗ്രൗണ്ട് വിട്ടു. പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമയെ കൂട്ടുപിടിച്ച് ധവാൻ ടീം സ്കോർ വേഗത്തിലാക്കി. സ്കോർ 158ൽ നിൽക്കെ ജിതേഷ് ശർമയെ യുസ്വേന്ദ്ര ചഹൽ റിയാൻ പരാഗിന്‍റെ കൈയിലൊതുക്കി. 16 പന്തിൽ 27 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. സികന്ദർ റാസ (ഒരു റൺസ്), ഷാറൂഖ് ഖാൻ (10 പന്തിൽ 11 റൺസ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രാജസ്ഥാനുവേണ്ടി ജേസൻ ഹോൾഡർ രണ്ടു വിക്കറ്റും യുസ്വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും മാറ്റങ്ങങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.