എലീറ്റ് ക്ലബിൽ ശിഖർ ധവാൻ; കോഹ്‍ലിക്കൊപ്പം ഈ നേട്ടം തൊടുന്ന രണ്ടാം ഇന്ത്യക്കാരൻ
text_fieldsനിർണായക ഘട്ടത്തിൽ കളി കൈവിട്ട് സഞ്ജുവിന്റെ രാജസ്ഥാൻ പഞ്ചാബിനു മുന്നിൽ തോൽവി സമ്മതിക്കുമ്പോൾ നിറഞ്ഞുനിന്നത് വെറ്ററൻ താരം ശിഖർ ധവാനും യുവതാരം പ്രഭ്സിമ്രാൻ സിങ്ങുമായിരുന്നു. പഞ്ചാബിനായി നായകൻ ശിഖർ ധവാൻ പുറത്താകാതെ 86 അടിച്ചപ്പോൾ പ്രഭ്സിമ്രാൻ എടുത്തത് 60 റൺസ്. ഇരുവരുടെയും കരുത്തിൽ പഞ്ചാബ് ഉയർത്തിയ 197 റൺസ് ലക്ഷ്യം പിന്തുടർന്നാണ് രാജസ്ഥാൻ അഞ്ചു റൺസ് അകലെ വീണത്. ഏഴു ഫോറും മൂന്നു സിക്സുമായി പ്രഭ്സിമ്രാൻ തുടക്കം കസറിയ കളിയിൽ ആദ്യ 61 പന്തിൽ ഇരുവരും ചേർന്ന് പഞ്ചാബ് സ്കോർബോർഡിൽ ചേർത്തത് 90 റൺസ്. ഒരു ഘട്ടത്തിൽ പ്രഭ്സിമ്രാന് സ്ട്രൈക്ക് നൽകിയും പിന്തുണച്ചും കൂടെ നിന്ന നായകൻ സഹതാരം മടങ്ങിയ ശേഷമാണ് ഉഗ്രരൂപം പൂണ്ടത്. ആദ്യ 30 പന്തിൽ 30 റൺസ് മാത്രം അടിച്ച ശിഖർ ധവാൻ അവസാന 26 പന്തിൽ 56 റൺസ് അടിച്ചുകൂട്ടി. വ്യക്തിഗത സ്കോർ 50ൽ നിൽക്കെ ക്യാച്ച് കൈവിട്ടത് തുണയാകുകയും ചെയ്തു.
അർധ സെഞ്ച്വറി കടന്നതോടെ ഐ.പി.എല്ലിൽ 50 അർധ സെഞ്ച്വറികളെന്ന റെക്കോഡും താരം സ്വന്തമാക്കി. ഇന്ത്യയിൽനിന്ന് വിരാട് കോഹ്‍ലി മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഓസീസ് ബാറ്റർ 60 തവണ പൂർത്തിയാക്കി ബഹുദൂരം മുന്നിലുണ്ട്.
നീണ്ട ആറു വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് ആദ്യ രണ്ടു കളികൾ ജയിക്കുന്നതെന്ന സവിശേഷതയുമുണ്ടായിരുന്നു ഇന്നലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.