ധോണി വെടിക്കെട്ട് പാഴായി; ചെന്നൈയെ തോൽപിച്ച് പന്തിന്റെ ഡൽഹി
text_fieldsവിശാഖപട്ടണം: ഐ.പി.എൽ പതിനേഴാം സീസണിൽ ആദ്യ തോൽവിയേറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹി കാപിറ്റൽസ് 20 റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ ഇന്നിങ്സ് 171-ൽ അവസാനിക്കുകയായിരുന്നു.
എട്ടാമനായി എത്തി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച എം.എസ് ധോണിക്ക് (16 പന്തുകളിൽ 37) ചെന്നെയെ രക്ഷിക്കാനായില്ല. നാല് ഫോറും മൂന്ന് സിക്സറുകളുമായിരുന്നു താരം പറത്തിയത്. അജൻക്യ രഹാനെ 30 പന്തുകളിൽ 45 റൺസ് നേടി ചെന്നൈയുടെ ടോപ് സ്കോററായി. ഡരിൽ മിച്ച 26 പന്തുകളിൽ 34 റൺസടിച്ചു. ഡൽഹിക്കായി മുകേഷ് കുമാർ മൂന്നോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋഷബ് പന്തും ഓപണർ ഡേവിഡ് വാർണറും ചെന്നൈ സൂപ്പർ കിങ്സ് ബൗളർമാരെ അനായാസം നേരിട്ടപ്പോൾ ഡൽഹി കാപിറ്റൽസ് നേടിയത് മികച്ച സ്കോർ ആയിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഡൽഹി അടിച്ചെടുത്തത്. തിരിച്ചുവരവിന് ശേഷം ഋഷബ് പന്ത് തന്റെ പഴയ ഫോം തിരിച്ചുപിടിച്ചപ്പോൾ 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം പിറന്നത് 51 റൺസാണെങ്കിൽ വാർണർ 35 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 52 റൺസാണ് നേടിയത്. പന്തിനെ മതീഷ പതിരാനയുടെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദും വാർണറെ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ പതിരാനയും പിടികൂടുകയായിരുന്നു. വാർണർക്കൊപ്പം ഡൽഹിക്ക് മികച്ച തുടക്കം നൽകിയ പൃഥ്വി ഷാ 27 പന്തിൽ 43 റൺസെടുത്ത് ജദേജയുടെ പന്തിൽ ധോണിക്ക് പിടികൊടുത്ത് മടങ്ങി.
12 പന്തിൽ 18 റൺസെടുത്ത മിച്ചൽ മാർഷിന്റെയും രണ്ട് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതിരുന്ന ട്രിസ്റ്റൻ സ്റ്റബ്സിന്റെയും സ്റ്റമ്പ് പതിരാന തെറിപ്പിച്ചു. ഏഴ് റൺസുമായി അക്സർ പട്ടേലും ഒമ്പത് റൺസുമായി അഭിഷേക് പോറലും പുറത്താവാതെ നിന്നു. ചെന്നൈക്കായി മതീഷ പതിരാന മൂന്ന് വിക്കറ്റ് നേടിയപ്പോൾ രവീന്ദ്ര ജദേജ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.