രക്ഷകനായി തെവാട്ടിയ; പഞ്ചാബിനെ മൂന്നു വിക്കറ്റിന് തോൽപിച്ച് ഗുജറാത്ത്
text_fieldsമുല്ലൻപുർ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മൂന്നു വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം ഗുജറാത്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
സ്കോർ: പഞ്ചാബ് - 20 ഓവറിൽ 142 റൺസിന് ഓൾ ഔട്ട്. ഗുജറാത്ത് -19.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഗുജറാത്തിന്‍റെ വിജയത്തിൽ നിർണായകമായത്. പഞ്ചാബ് ഉയർത്തിയ ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്തിന് അൽപം വിയർക്കേണ്ടിവന്നു. 18 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്ന തെവാട്ടിയയാണ് ടീമിന്‍റെ ടോപ് സ്കോറർ. വൃദ്ധിമാൻ സാഹ (11 പന്തിൽ 13), നായകൻ ശുഭ്മൻ ഗിൽ (29 പന്തിൽ 35), സായ് സുദർശൻ (34 പന്തിൽ 31), ഡേവിഡ് മില്ലർ (ആറു പന്തിൽ നാല്), ഒമർസായി (10 പന്തിൽ 13), ഷാറൂഖ് ഖാൻ (നാലു പന്തിൽ എട്ട്), റാഷിദ് ഖാൻ (മൂന്നു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ താരങ്ങൾ. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റു വീഴ്ത്തി. ലിവിങ്സ്റ്റോൺ രണ്ടു വിക്കറ്റും അർഷ്ദീപ് സിങ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ഗുജറാത്തിന്‍റെ സ്പിന്നർമാരാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. മത്സരത്തിലെ ഏഴു വിക്കറ്റുകളും സ്പിന്നർമാർക്കായിരുന്നു. സായി കിഷോറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് ഇതിൽ നിർണായകം. പഞ്ചാബിനായി ഓപ്പണർമാരായ സാം കറനും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തി. 21 പന്തിൽ 35 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ.
ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 5.3 ഓവറിൽ 52 റൺസാണ് അടിച്ചെടുത്തത്. പ്രഭ്സിമ്രാനെ മോഹിത് ശർമയും 19 പന്തിൽ 20 റൺസെടുത്ത കറനെ റാഷിദ് ഖാനും മടക്കി. പിന്നാലെ ക്രീസിലെത്തിയവരെല്ലാം വേഗത്തിൽ മടങ്ങി. റില്ലി റൂസോ (ഏഴു പന്തിൽ ഒമ്പത്), ജിതേഷ് ശർമ (12 പന്തിൽ 13), ലിയാം ലിവിങ്സ്റ്റോൺ (ഒമ്പത് പന്തിൽ ആറ്), ശശാങ്ക് സിങ് (12 പന്തിൽ എട്ട്), അശുതോഷ് ശർമ (എട്ടു പന്തിൽ മൂന്ന്) എന്നിവരെല്ലാം പുറത്തായി. പഞ്ചാബ് 15.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 99 റൺസിലേക്ക് വീണു.
എട്ടാം വിക്കറ്റിൽ ഹർപ്രീത് സിങ്ങും ഹർപ്രീത് ബ്രാറും ചേർന്ന് നേടിയ 40 റൺസാണ് ടീമിനെ അൽപമെങ്കിലും കരകയറ്റിയത്. 12 പന്തിൽ 29 റൺസെടുത്ത ബ്രാറിനെ കിഷോർ മടക്കി. 19 പന്തിൽ 14 റൺസെടുത്ത ഹർപ്രീത് സിങ് റണ്ണൗട്ടായി. ഹർഷൽ പട്ടേൽ പൂജ്യത്തിന് പുറത്തായി. ഒരു റണ്ണുമായി കഗിസോ റബാദ പുറത്താകാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശർമയും നൂർ അഹ്മദും രണ്ടു വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.